ലൈഫ് മിഷന്‍: അന്വേഷണത്തിനുള്ള സ്‌റ്റേ പിന്‍വലിക്കണമെന്ന സിബിഐ ഹര്‍ജി ഇന്ന് പരിഗണിക്കും
സ്‌റ്റേ കേസന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഹര്‍ജി.
തൃശൂര്‍: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷണത്തിനുള്ള ഭാഗിക സ്‌റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജി ഇന്നു കോടതിയുടെ ഹൈക്കോടതിയുടെ പരിഗണനയില്‍ വരും.
സ്‌റ്റേ കേസന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഹര്‍ജി. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം സ്‌റ്റേ ചെയ്തത് മൂലം കേസ് പൂര്‍ണമായും തടസപ്പെട്ട അവസ്ഥയിലാണ്. സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സിബിഐ ഹര്‍ജിയില്‍ പറയുന്നു.
വകുപ്പുകള്‍ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അന്വേഷണം പുരോഗമിക്കവെ ചില വകുപ്പുകള്‍ റദ്ദാക്കപ്പെടുമെന്നും മറ്റ് ചിലത് കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഡിസംബര്‍ 13ന് ലൈഫ് മിഷന്‍ കേസിലെ സ്‌റ്റേ കാലാവധി അവസാനിക്കാനിരിക്കെയാണ് സിബിഐയുടെ നീക്കം.
ഫ്‌ലാറ്റ് നിര്‍മാണത്തിനായി വിദേശ ഏജന്‍സിയില്‍ നിന്ന് ലഭിച്ച പണത്തില്‍ ഒരു ഭാഗം കൈക്കൂലിയായും വിലയേറിയ സമ്മാനവുമായി നല്‍കിയിട്ടുണ്ടെന്ന് കരാര്‍ കമ്പനിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സമ്മതിച്ച സാഹചര്യത്തില്‍ ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വസ്തുതകള്‍, ഉദ്യോഗസ്ഥ ഗൂഢാലോചന എന്നിവ കണ്ടെത്തേണ്ടതുണ്ട് എന്നും സിബിഐയുടെ ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍ 13നായിരുന്നു ലൈഫ് മിഷന് എതിരായ അന്വേഷണം കോടതി ഉത്തരവിട്ടത്.