കെ റെയിലിനെ പിന്തുണയ്ക്കും; പിണറായി രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാള്‍: കെ വി തോമസ്
സഖാക്കളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കെവി തോമസ് തന്റെ പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് കേരളത്തിന്റെ അഭിമാനമായ പിണറായി വിജയന്‍ എന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നത് അഭിമാനത്തോടെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. കുമ്പളങ്ങിയിലെ പ്രസിദ്ധമായ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയതും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതും ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു. ഇത് കോണ്‍ഗ്രസിനേയും ശക്തിപ്പെടുത്തുമെന്ന് തന്റെ സഹപ്രവര്‍ത്തകരും മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഖാക്കളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കെവി തോമസ് തന്റെ പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് കേരളത്തിന്റെ അഭിമാനമായ പിണറായി വിജയന്‍ എന്ന് അദ്ദേഹം പറഞ്ഞു. സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച മാനസിക സമ്മര്‍ദമുണ്ടായപ്പോള്‍ തന്നെ ആശ്വസിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വളരെ അഭിമാനത്തോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചയിലേക്ക് ക്ഷണിച്ച സിപിഎം നേതാക്കളോട് നന്ദി പറയുന്നുവെന്നും കെ വി തോമസ് പറഞ്ഞു.
കെ റെയിലിനെ പിന്തുണയ്ക്കും. വികസന പദ്ധതികളെ താന്‍ അംഗീകരിക്കും. പദ്ധതി മുന്നോട്ടുവെയ്ക്കുന്നത് പിണറായി ആണോ സ്റ്റാലിനാണോ എന്ന് നോക്കാറില്ല. വികസനത്തില്‍ രാഷ്ട്രീയമില്ല. രാജ്യത്ത് വികസനം വേണം. വികസനം വരുമ്പോള്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ദുഃഖകരമാണെങ്കിലും അങ്ങനെയാണ് പല വികസനപദ്ധതികളും ഇവിടെ നടപ്പിലായത്.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരേ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം കെ വി തോമസ് ഉദ്ധരിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെ വികസനത്തെ എതിര്‍ക്കുന്ന കേന്ദ്ര നിലപാടിനെതിരേ നടക്കുന്ന പരിപാടികളില്‍ നിങ്ങളും പങ്കെടുക്കണമെന്നാണ് കോണ്‍ഗ്രസിലെ എന്റെ സഹപ്രവര്‍ത്തകരോട് താന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.