മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ നാനാ പടോല രാജിവച്ചു. പടോല മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്നാണ് സൂചന. രണ്ട് ദിവസം മുമ്പ് പടോല ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നേരത്തെ കോണ്‍ഗ്രസ് നേതാവായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച നാനാ പട്ടോള്‍ ഇടക്കാലത്ത് ബിജെപിയില്‍ ചേര്‍ന്നിരുന്നു. 2014ല്‍ ബാന്ദ്രയില്‍ നിന്നുള്ള ബിജെപി എംപിയായി. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ നാനാ പട്ടോളിനെ വീണ്ടും കോണ്‍ഗ്രസിലെത്തിച്ചു. 2019 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിക്കുകയും സ്പീക്കറാവുകയുമായിരുന്നു. മഹാ വികാസ് അഘാഡി മഹാരാഷ്ട്രയില്‍ ഭരണം പിടിച്ചപ്പോള്‍ സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് പടോലയെ ഏല്‍പ്പിക്കുകയായിരുന്നു.
മുഖ്യമന്ത്രി ഉദ്ദവ് താക്കേറേയോടും എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിനോടും നാനാ പട്ടോളിന്റെ പുതിയ ഉത്തരവാദിത്വത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. സംസ്ഥാന ആഭ്യന്തര മന്ത്രിയായ ബാലാസാഹിബ് തോറാട്ടായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. ഒരാള്‍ക്ക് ഒരു സ്ഥാനം എന്ന നയത്തെ തുടര്‍ന്ന് തോറാട്ട് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. കര്‍ഷക സമുദായമായ കുമ്പി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് വിദര്‍ഭ മേഖലയില്‍ നിന്നുള്ള നാനാ പട്ടോള്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കുമ്പി സമുദായം കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു.