ന്യൂഡല്‍ഹി: രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജയ്പൂര്‍ സമ്മേളനത്തില്‍ എടുത്ത ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം പാലിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചത്. മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയതിന് പിന്നാലെയാണ് രാജി നല്‍കിയത്.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജിവച്ച സാഹചര്യത്തില്‍ പകരം പി.ചിദംബരം, ദിഗ്വിജയ് സിങ്, മുകുള്‍ വാസ്‌നിക് എന്നിവരില്‍ ഒരാളെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പരിഗണിച്ചേക്കും. ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാത്തത് ഈ തീരുമാനം കാരണമായിരുന്നു. പാര്‍ട്ടി അധ്യക്ഷനാവുകയാണെങ്കില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം കാരണമാണ് ഗലോട്ട് രാജിവച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന് നടക്കും. വൈകിട്ടോടെ പരിശോധന പൂര്‍ത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകള്‍ ഏതെന്ന് വ്യക്തമാക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍, കെ എന്‍ ത്രിപാഠി എന്നിവരാണ് നിലവില്‍ പത്രിക നല്‍കിയത്. ഖാര്‍ഗെ പതിനാലും തരൂര്‍ അഞ്ചും പത്രികകളാണ് സമര്‍പ്പിച്ചത്. ഇന്ന് മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകത്തില്‍ സന്ദര്‍ശനം നടത്തുന്ന തരൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. സംസ്ഥാനങ്ങളിലെ വോട്ടര്‍മാരായ നേതാക്കളുമായി തരൂര്‍ കൂടിക്കാഴ്ച നടത്തും.
നെഹ്‌റു കുടുംബത്തിന്റേയും ഹൈക്കമാന്‍ഡിന്റേയും പിന്തുണയോടെ മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗേയ്ക്ക് വിമത വിഭാഗമായി ജി23യുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കരുതിയ മനീഷ് തീവാരി അടക്കമുള്ള നേതാക്കള്‍ ഖാര്‍ഗ്ഗേയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
പിന്തുണച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നതായി പത്രികാ സമര്‍പ്പണത്തിന് ശേഷം ഖാര്‍ഗെ പറഞ്ഞിരുന്നു. നിരവധി നേതാക്കള്‍ തന്നെ പിന്തുണച്ചു. കുട്ടിക്കാലം മുതല്‍ കോണ്‍ഗ്രസിനായി നിലകൊണ്ടയാളാണ് ഞാന്‍. കോണ്‍ഗ്രസിന്റെ ആശയത്തിനൊപ്പമാണ് എന്നും നിലകൊണ്ടത്. എല്ലാ വോര്‍ട്ടര്‍മാരും തനിക്കായി വോട്ട് ചെയ്യണം. ഇന്ദിര ഗാന്ധിയെ പോലുള്ള നേതാക്കളില്‍ നിന്ന് കിട്ടിയ ഊര്‍ജമാണ് തന്നെ കോണ്‍ഗ്രസ് നേതാവാക്കിയതെന്നും ഖാര്‍ഗ്ഗെ പറഞ്ഞു.
തനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നതായും, 12 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തന്റെ പത്രികയില്‍ ഒപ്പിട്ടുവെന്നും കശ്മീര്‍ മുതല്‍ കേരളം വരെയുള്ള സംസ്ഥാനങ്ങളിലെ നേതാക്കള്‍ തനിക്കായി ഒപ്പിട്ടെന്നും ശശി തരൂര്‍ പറഞ്ഞു.