ആംബുലൻസ് ലഭിച്ചില്ല, മകളുടെ മൃതദേഹം തോളിലേന്തി പിതാവ് നടന്നത് 10 കിലോമീറ്റർ

ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് ലഖാന്‍പൂരിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വച്ച് വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി മരിച്ചത്.

Update: 2022-03-26 09:45 GMT

അംബികാപൂർ: ഏഴ് വയസുള്ള മകളുടെ മൃതദേഹം തോളില്‍ ചുമന്നുകൊണ്ട് പോകുന്ന പിതാവിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളി‍ല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഛത്തിസ്ഗഢിലെ സര്‍ഗുജ ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്ന അത്. സംഭവത്തില്‍ ആരോഗ്യമന്ത്രി ടി എസ് സിങ് ദിയോയ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് ലഖാന്‍പൂരിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വച്ച് വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി മരിച്ചത്. വാഹനം എത്തുന്നതിന് മുന്‍പ് പിതാവ് മൃതദേഹവുമായി പോവുകയായിരുന്നെന്നുമാണ് ലഭിക്കുന്ന വിവരം. അംഡാല വില്ലേജിലെ ഈശ്വര്‍ ദാസാണ് കുട്ടിയുടെ പിതാവ്.

"ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിയുടെ ഓക്സിജന്‍ ലെവല്‍ കുറവായിരുന്നു. മാതാപിതാക്കള്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ കുറച്ച് ദിവസങ്ങളായി കുട്ടിക്ക് പനിയുണ്ടായിരുന്നു. ആവശ്യമായ ചികിൽസ നല്‍കിയെങ്കിലും ആരോഗ്യനില വഷളാവുകയും രാവിലെ ഏഴരയോടെ മരിക്കുകയുമായിരുന്നു," ഹെല്‍ത്ത് സെന്ററിലെ ഡോ. വിനോദ് ഭാര്‍ഗവ് പറഞ്ഞു.

"കുട്ടിയുടെ കുടുംബാംഗങ്ങളോട് വാഹനം 9.20 ഓടെ വരുമെന്നായിരുന്നു പറഞ്ഞത്. പക്ഷെ അവര്‍ മൃതദേഹവുമായി പോയി," വിനോദ് കൂട്ടിച്ചേര്‍ത്തു. ഏകദേശം 10 കിലോ മീറ്ററോളം മൃതദേഹവുമായി ഈശ്വര്‍ ദാസ് നടന്നെന്നാണ് വിവരം.

"ഞാന്‍ വീഡിയോ കണ്ടു, അതെന്നെ വളരെ അസ്വസ്തനാക്കി. സംഭവത്തില്‍ അന്വേഷണ നടത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവാദിത്വത്തോടെ ജോലി ചെയ്യാന്‍ കഴിയാത്തവരെ പിരിച്ചുവിടാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി," ആരോഗ്യമന്ത്രി പറഞ്ഞു.

Similar News