കൊല്ലത്ത് കൊവിഡ് രോഗമുക്തനായയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Update: 2020-05-04 19:07 GMT

കൊല്ലം: കൊവിഡ് 19 സ്ഥിരീകരിച്ച് ചികില്‍സയിലായിരിക്കുകയും രോഗമുക്തനാവുകയും ചെയ്തയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുളത്തൂപ്പുഴ ആലുംമൂട്ടില്‍ വീട്ടില്‍ പത്മനാഭനാ(73)ണ് തിങ്കളാഴ്ച രാത്രി മരിച്ചത്. കൊവിഡ് വിമുക്തനായെങ്കിലും രാത്രിയോടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണമെന്നാണ് ഔദ്യോഗിക വിശദീകരണം. കുളത്തൂപ്പുഴ സബ് റജിസ്ട്രാര്‍ ഓഫിസിനു സമീപം വര്‍ഷങ്ങളായി തയ്യല്‍ക്കട നടത്തിവരികയായിരുന്നു. തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്ത് പുളിയങ്കുടിയില്‍ പോയി മടങ്ങിയെത്തിയ 31കാരനില്‍നിന്നാണ് ഇദ്ദേഹത്തിനു രോഗം പിടിപെട്ടതെന്നാണു സൂചന. ഇക്കഴിഞ്ഞ ഏപ്രില്‍ 29നാണ് പത്മനാഭനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നു പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.

    രോഗബാധിതനായ യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാലാണ് പത്മനാഭന് രോഗം ബാധിച്ചതെന്നായിരുന്നു നിഗമനം. യുവാവും ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കുളത്തൂപ്പുഴ സ്വദേശിയായ മറ്റൊരു വയോധികനും തിങ്കളാഴ്ച ആശുപത്രി വിട്ടിരുന്നു. ഏപ്രില്‍ ഒന്നിനും രണ്ടിനും നടത്തിയ പരിശോധനകളില്‍ പത്മനാഭന്റെ സ്രവ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച കൊറോണ വാര്‍ഡില്‍ നിന്ന് മാറ്റുകയും രാത്രി എട്ടേമുക്കാലോടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും സംസ്‌കാരം നടത്തുക. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: സതീഷ്, ശൈലജ, സുധാകരന്‍, സുമംഗല. മരുമക്കള്‍: സുഭാഷിണി, ജയകുമാര്‍, അശ്വതി, ഷൈജു.


Tags:    

Similar News