മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ മുംബൈയിലെ ധാരാവിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചയാള്‍ മരിച്ചു. ഇന്ന് വൈകീട്ട് രോഗിയെ സിയോണ്‍ ആശുപത്രിയിലേക്ക് മാറ്റിയതായി വൃത്തങ്ങള്‍ അറിയിച്ചു. മരണപ്പെട്ടയാളുടെ വീട്ടിലെ മറ്റ് ഏഴുപേരെ ഹോം ക്വാറന്റൈനിലാക്കി. ഇവരെ നാളെ പരിശോധനയ്ക്കു വിധേയരാക്കും. മരണത്തെ തുടര്‍ന്ന് ധരാവിയുടെ പുനര്‍വികസന ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടം അധികൃതര്‍ സീല്‍ വച്ചു. മഹാരാഷ്ട്രയില്‍ 300ലേറെ കൊവിഡ് 19 കേസുകളുണ്ടെങ്കിലും മുംബൈയിലെ ധാരാവിയില്‍ വൈറസ് പിടിപെട്ടത് രാജ്യത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
വൃത്തിഹീനമായ പാതകള്‍, ഇടുങ്ങിയ കുടിലുകള്‍, തുറന്ന അഴുക്കുചാല്‍ എന്നിവയുള്ള 5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഒരു ദശലക്ഷത്തിലേറെ ആളുകള്‍ താമസിക്കുന്നത്. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതിനെ തുടര്‍ന്ന് വൈറസിന്റെ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 59 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 335 ആണ്. 16 പേരാണ് മരണപ്പെട്ടത്. രാജ്യത്തെ മൊത്തം കൊവിഡ് 19 കേസുകളുടെ എണ്ണം 1,637 ആയി ഉയര്‍ന്നു. 38 പേരാണ് മരണപ്പെട്ടത്.