ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിനുള്ള പ്രമേയം പാസാക്കി മണിപ്പൂർ നിയമസഭ

ബജറ്റ് സമ്മേളനത്തിൻറെ അവസാന ദിനമായ വെള്ളിയാഴ്ച നിയമസഭാംഗമായ ജോയ്കിഷനാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്.

Update: 2022-08-06 09:44 GMT

ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കുന്നതിനുള്ള പ്രമേയം മണിപ്പൂർ നിയമസഭ ഏകകണ്ഠേന പാസാക്കി. സംസ്ഥാന ജനസംഖ്യ കമീഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയവും നിയമസഭ പാസാക്കിയിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിൻറെ അവസാന ദിനമായ വെള്ളിയാഴ്ച നിയമസഭാംഗമായ ജോയ്കിഷനാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്.

മണിപ്പൂരിലേക്ക് പുറത്തുനിന്നുള്ളവർ കുടിയേറുന്നതിൽ ആശങ്കപ്രകടിപ്പിച്ച ജോയ്കിഷൻ 1971നും 2001നും ഇടയിൽ സംസ്ഥാനത്തെ മലയോര മേഖലകളിൽ 153.3 ശതമാനം ജനസംഖ്യാ വളർച്ചയുണ്ടായെന്നും 2001-2011 കാലയളവിൽ ഇത് 250.9 ശതമാനമായി ഉയർന്നെന്നും അവകാശപ്പെട്ടു.

അതേസമയം, താഴ്‌വരകളിൽ 1971 മുതൽ 2001 വരെ 94.8 ശതമാനം ജനസംഖ്യാ വളർച്ചയുണ്ടായി. എന്നാൽ 2001 മുതൽ 2011 വരെ 125 ശതമാനമാണ് ജനസംഖ്യാ വളർച്ച രേഖപ്പെടുത്തിയിട്ടുള്ളതെന്നും ജോയ്കിഷൻ ചൂണ്ടിക്കാട്ടി. മണിപ്പൂരിലെ മലയോര പ്രദേശങ്ങളിലെ ജനസംഖ്യാ വർധനവിനു കാരണം അനധികൃത കുടിയേറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രമേയങ്ങൾ പാസാക്കുന്നതിലൂടെ നിയമസഭയിലെ എല്ലാ അംഗങ്ങളുടെയും പൊതുവായ താല്പര്യങ്ങൾ നിറവേറ്റപ്പെടുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് അഭിപ്രായപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് നേരത്തേ നിശ്ചയിച്ച അടിസ്ഥാന വർഷത്തിന്റെ കാര്യത്തിൽ നിശ്ചിത കട്ട് ഓഫ് പുതുക്കണമെന്ന് പൗരാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. 

Similar News