മാവോവാദി ഭീഷണിയെന്ന്; രാഹുല്‍ ഗാന്ധിയുടെ വയനാട് യാത്ര റദ്ദാക്കി
മാവോവാദി ഭീഷണി നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് യാത്ര റദ്ദാക്കിയത്
കല്‍പറ്റ: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനം ഉള്‍പ്പെടെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് യാത്ര റദ്ദാക്കി. മാവോവാദി ഭീഷണി നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് യാത്ര റദ്ദാക്കിയത്. കഴിഞ്ഞ ആഴ്ച വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെത്തിയ മാവോവാദി സംഘവുമായി തണ്ടര്‍ബോള്‍ട്ട് സംഘം നടത്തിയ വെടിവയ്പില്‍ മാവോവാദി പ്രവര്‍ത്തകന്‍ സി പി ജലീല്‍ കൊല്ലപ്പെട്ടിരുന്നു. വ്യാജ ഏറ്റുമുട്ടലാണിതെന്ന ആക്ഷേപം ശക്തമായിരിക്കെ, മാവോവാദികള്‍ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്ന സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ് കാരണമാണ് രാഹുലിന്റെ വയനാട് സന്ദര്‍ശനം ഒഴിവാക്കിയത്. രാഹിലിന്റെ സന്ദര്‍ശനത്തിന് സുരക്ഷാ ഏജന്‍സികള്‍ അനുമതി നിഷേധിക്കുകയായിരുന്നു. മംഗലാപുരത്ത് നിന്നു റോഡ് മാര്‍ഗം കേരളത്തിലെത്തുന്ന രാഹുല്‍ കാസര്‍കോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടും പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ വീടും സന്ദര്‍ശിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേരത്തേ അറിയിച്ചിരുന്നത്. ഇതോടൊപ്പം കോഴിക്കോട് കടപ്പുറത്ത് പൊതുറാലി സംഘടിപ്പിക്കാനും ഉദ്ദേശിച്ചിരുന്നു. വയനാട് യാത്രയെ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ പരിപാടികളിലും മാറ്റം വരുത്തിയിട്ടുണ്ട്. 14നു ഉച്ചയ്ക്ക് 1.30നു കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ഗാന്ധി കൊല്ലപ്പെട്ട ശുഹൈബിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം പെരിയയിലേക്ക് പോവുകയും ചെയ്യുമെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.