ഗര്‍ഭം അഭിനയിച്ച് ആശുപത്രിയിലെത്തി മറ്റൊരാളുടെ പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത യുവതി അറസ്റ്റില്‍; കുട്ടികള്‍ ഉണ്ടാവാത്തതിന്റെ ദു:ഖത്തിലാണ് ഇത് ചെയ്തതെന്ന് പോലിസ്

വിവാഹിതയായ സപ്‌ന നിരവധി തവണ ഗര്‍ഭം ധരിച്ചെങ്കിലും അലസിപ്പോവുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയെ തട്ടിയെടുത്ത് വളര്‍ത്താന്‍ തീരുമാനിച്ചത്.

Update: 2025-01-07 06:23 GMT

നാസിക് (മഹാരാഷ്ട്ര): ഗര്‍ഭം അഭിനയിച്ച് ആശുപത്രിയിലെത്തി മറ്റൊരാളുടെ അഞ്ച് ദിവസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍. നാസിക് സിവില്‍ ആശുപത്രിയില്‍ നിന്നും കുട്ടിയെ തട്ടിയെടുത്ത 35കാരിയായ സപ്‌ന മറാത്തെയാണ് പിടിയിലായതെന്ന് നാസിക് പോലിസ് അറിയിച്ചു. ഇവര്‍ എംബിഎ ബിരുദധാരിയും സര്‍ക്കാര്‍ വകുപ്പില്‍ അക്കൗണ്ടന്റുമാണ്.

വിവാഹിതയായ സപ്‌ന നിരവധി തവണ ഗര്‍ഭം ധരിച്ചെങ്കിലും അലസിപ്പോവുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയെ തട്ടിയെടുത്ത് വളര്‍ത്താന്‍ തീരുമാനിച്ചത്. താന്‍ ഗര്‍ഭിണിയാണെന്നാണ് സപ്‌ന ഭര്‍ത്താവിനോടും കുടുംബത്തോടും സ്വന്തം വീട്ടുകാരോടും പറഞ്ഞിരുന്നത്. പ്രസവ സമയമായെന്നും ആശുപത്രിയില്‍ പോവുകയാണെന്നും പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. കൂടെ സഹായത്തിന് വരാന്‍ ആരെയും അനുവദിച്ചുമില്ല.

തുടര്‍ന്ന് നാസിക് സിവില്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. അവിടെ ഗര്‍ഭിണികളുടെ വാര്‍ഡില്‍ ചെന്ന് രണ്ടു സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചു. തന്റെ ഒരു ബന്ധു ആശുപത്രിയില്‍ ചികില്‍സയിലുണ്ടെന്നും അവരെ പരിചരിക്കാന്‍ വന്നതാണെന്നുമാണ് സപ്‌ന എല്ലാവരോടും പറഞ്ഞത്. സപ്‌നയുമായി സൗഹൃദത്തിലായ സുമന്‍ അബ്ദുല്‍ ഖാന്‍ എന്ന യുവതി ഡിസംബര്‍ 29ന് ഒരു കുഞ്ഞിന് ജന്മം നല്‍കി.

ജനുവരി നാലിന് സുമന്റെ ഭര്‍ത്താവ് ഡിസ്ചാര്‍ജ് കാര്യങ്ങള്‍ക്കായി ഓഫിസ് പരിസരത്തേക്ക് പോയി. അപ്പോളാണ് സപ്‌ന കുട്ടിയെ എടുത്തത്. സുമന്റെ ഭര്‍ത്താവിന്റെ അടുത്തേക്ക് കുട്ടിയെ കൊണ്ടുപോവുകയാണെന്നാണ് പറഞ്ഞത്. ഈ സമയത്ത് സുമന്‍ വീട്ടില്‍ പോവാന്‍ വേണ്ടി ബാഗ് പാക്ക് ചെയ്യുകയായിരുന്നു. ബില്ലും മറ്റും അടച്ച് ഭര്‍ത്താവ് വന്നപ്പോള്‍ കുട്ടിയെ കാണാത്തതാണ് സംശയത്തിന് കാരണമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നു മനസിലായത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കും പോലിസിലും പരാതി നല്‍കി. കുട്ടിയുമായി സപ്‌ന പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലിസിന് ലഭിച്ചു. തുടര്‍ന്ന് ലോക്കല്‍ പോലിസും ക്രൈംബ്രാഞ്ചും പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.സപ്‌നയുമായി സാമ്യമുള്ള ഒരു സ്ത്രീയെ നാസിക്കിലെ ദിന്ദോരി പ്രദേശത്ത് കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടിയതെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു.

Similar News