മുസ് ലിം ലീഗ് ജമ്മു കശ്മീരി(മസാറത്ത് ആലം വിഭാഗം)നെ കേന്ദ്രം നിരോധിച്ചു

Update: 2023-12-27 12:36 GMT

ന്യൂഡല്‍ഹി: മുസ് ലിം ലീഗ് ജമ്മു കശ്മീരിനെ(മസറത്ത് ആലം വിഭാഗം) നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (യുഎപിഎ) നിയമപ്രകാരമുള്ള നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. സംഘടനയും അതിലെ അംഗങ്ങളും ജമ്മു കശ്മീരില്‍ 'ദേശവിരുദ്ധവും വിഘടനവാദപരവുമായ പ്രവര്‍ത്തനങ്ങളില്‍' ഏര്‍പ്പെട്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സില്‍ പോസ്റ്റ് ചെയ്തു. 'ജമ്മു കശ്മീരില്‍ ഇസ് ലാമിക ഭരണം സ്ഥാപിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചതായും ആരോപിക്കുന്നുണ്ട്. 'നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ആരെയും ഒഴിവാക്കില്ലെന്നും നിയമത്തിന്റെ മുഴുവന്‍ നടപടികളും നേരിടേണ്ടിവരുമെന്നും നരേന്ദ്ര മോദി സര്‍ക്കാരിന്റെ സന്ദേശം ഉറച്ചതും വ്യക്തവുമാണെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്. നേരത്തേ കശ്മീരി നേതാവ് സയ്യിദ് അലി ഷാ ഗീലാനി നേതൃത്വം നല്‍കിയ ഓള്‍ പാര്‍ട്ടി ഹുര്‍റിയത്ത് കോണ്‍ഫറന്‍സിന്റെ ഇടക്കാല ചെയര്‍മാനായിരുന്ന മസാറത്ത് ആലമാണ് സംഘടനയെ നയിക്കുന്നത്. 2010ല്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തില്‍ മസാറത്ത് ആലമിന് പങ്കുണ്ടെന്നും ആസാദി അനുകൂല ബഹുജന പ്രതിഷേധങ്ങള്‍ക്ക് പ്രേരണ നല്‍കിയെന്നുമാണ് ആരോപണം.

    1978ലെ ജമ്മു കശ്മീര്‍ പബ്ലിക് സേഫ്റ്റി ആക്ട് (പിഎസ്എ) പ്രകാരം അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുകയും കുറ്റം ചുമത്തുകയും ചെയ്തു. മസാറത്ത് ആലമിന്റെ പേരില്‍ 27 എഫ്‌ഐആറുകള്‍ ഉണ്ടെന്നും 36 തവണ പിഎസ്എ പ്രകാരം കേസെടുത്തതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 2015 മാര്‍ച്ചില്‍ ബിജെപി-മെഹബൂബ മുഫ്തി സഖ്യസര്‍ക്കാരാണ് മസാറത്ത് ആലമിനെ മോചിപ്പിച്ചത്. ഇതേച്ചൊല്ലി പിഡിപിയും സഖ്യകക്ഷിയായ ബിജെപിയും തമ്മില്‍ ഭിന്നത ഉടലെടുത്തിരുന്നു. ശ്രീനഗറില്‍ സയ്യിദ് അലി ഷാ ഗീലാനിയെ സ്വാഗതം ചെയ്യുന്ന റാലിയില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന് ആരോപിച്ച് 'രാജ്യദ്രോഹം', 'രാജ്യത്തിനെതിരെ യുദ്ധം' എന്നീ കുറ്റങ്ങള്‍ ചുമത്തി ഒരു മാസത്തിനുള്ളില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 2021 സപ്തംബറില്‍ ഗീലാനിയുടെ മരണശേഷം പിന്‍ഗാമിയായി അദ്ദേഹം ഹുര്‍റിയത്തില്‍ എത്തി. എന്‍ഐഎ അന്വേഷിക്കുന്ന തീവ്രവാദ ഫണ്ടിങ് കേസില്‍ 2019 മുതല്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ് 50 മസാറത്ത് ആലം കഴിയുന്നത്.

Tags:    

Similar News