അഭിഭാഷകന്‍റെ വെളിപ്പെടുത്തല്‍ അങ്കലാപ്പുണ്ടാക്കിയത് കോണ്‍ഗ്രസിലും ലീഗിലും: എം വി ജയരാജന്‍

Update: 2022-12-29 12:48 GMT

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ കേസില്‍ അഡ്വ. ടി പി ഹരീന്ദ്രന്‍റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിലും മുസ്‌ലിം ലീഗിലും വലിയ അങ്കലാപ്പുണ്ടാക്കിയിരിക്കുകയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2012 ല്‍ നടന്ന സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കള്ളക്കേസ് ചുമത്തുകയായിരുന്നുവെന്ന് പാര്‍ടി അന്നേ വ്യക്തമാക്കിയതാണ്. കേസിന്‍റെ മറവില്‍ പ്രാകൃത പീഡന മുറകളാണ് നടന്നത്. അത് ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് കേസില്‍ ഗവണ്‍മെന്‍റ് പ്ലീഡറോ, സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറോ അല്ലാത്ത അഭിഭാഷകന്‍റെ വെളിപ്പെടുത്തല്‍.

ഇയാള്‍ കേവലം അഭിഭാഷകന്‍ മാത്രമല്ല, യുഡിഎഫ് ഘടക കക്ഷി നേതാവ് കൂടിയാണ്. 302-ാം വകുപ്പ് പ്രകാരം നിരപരാധികളുടെ പേരില്‍ കേസ്സെടുക്കണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടതെന്നാണ് യുഡിഎഫ് നേതാവായ അഭിഭാഷകന്‍റെ വെളിപ്പെടുത്തല്‍. അത് നിസ്സാരമല്ല. കള്ള തെളിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ബോധ്യപ്പെടുത്തുന്നതാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 118-ാം വകുപ്പ് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ആദ്യമായി ചുമത്തിയത് ഷുക്കൂര്‍ കേസിലാണ്. സംഭവ സ്ഥലത്ത് പോലും പോകാത്ത ആളുടെ പേരിലാണ് 302-ാം വകുപ്പ് കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. അത് ശരിയാണെങ്കില്‍ കള്ള തെളിവ് ഉണ്ടാക്കാന്‍ ശ്രമിച്ച അഭിഭാഷകന്‍റെ പേരില്‍ കേസ്സെടുക്കുകയാണ് വേണ്ടത്. യുഡിഎഫിലെ പ്രബല കക്ഷികളായ കോണ്‍ഗ്രസും ലീഗും അഭിഭാഷകന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രണ്ട് തട്ടുകളിലായി. ഇതെല്ലാം യുഡിഎഫ് ഭരണ കാലത്തെ കൊള്ളരുതായ്മകളുടെ തെളിവാണെന്നും ജയരാജന്‍ വ്യക്തമാക്കി.

Similar News