സംഭലില്‍ സയ്യിദ് സലാര്‍ മസൂദ് ഘാസി അനുസ്മരണ മേള നടത്താതിരിക്കാന്‍ ബോണ്ട് എഴുതി വാങ്ങി പോലിസ്

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലില്‍ സയ്യിദ് സലാര്‍ മസൂദ് ഘാസി അനുസ്മരണ മേള നടത്താതിരിക്കാന്‍ സംഘാടകരില്‍ നിന്നും ബോണ്ട് എഴുതി വാങ്ങി പോലിസ്. മേളക്ക് നേരത്തെ പോലിസ് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേജ മേള കമ്മിറ്റി ഭാരവാഹികളായ അഞ്ച് പേരില്‍ നിന്നും അഞ്ച് ലക്ഷം രൂപ വീതമുള്ള ബോണ്ടുകള്‍ എഴുതി വാങ്ങിയത്. പ്രദേശത്ത് മേള നടത്താന്‍ ശ്രമിക്കുകയോ സംഘര്‍ഷമുണ്ടാക്കുകയോ ചെയ്താല്‍ പണം ഈടാക്കുമെന്ന് സംഭല്‍ എഎസ്പി ശിരിഷ് ചന്ദ്ര പറഞ്ഞു.
ഹോളി കഴിഞ്ഞ് രണ്ടാം വ്യാഴാഴ്ചയാണ് മേള നടത്താറ്. 30 മീറ്റര്‍ ഉയരമുള്ള ഒരു കൊടിമരം ഉയര്‍ത്തിയാണ് മേള തുടങ്ങുക. സയ്യിദ് സലാര്‍ മസൂദ് ഘാസി കൊള്ളക്കാരനും കൊലപാതകിയുമായിരുന്നുവെന്നാണ് ശിരിശ് ചന്ദ്ര പറയുന്നത്. രാജ്യത്തിന്റെ ശത്രുവായ ഘാസിയെ അനുസ്മരിക്കാന്‍ സമ്മതിക്കില്ലെന്നാണ് ശിരിശ് ചന്ദ്രയുടെ നിലപാട്. അതേസമയം, നേജ മേളയ്ക്ക് പകരം മാര്‍ച്ച് 25,26 തീയ്യതികളില്‍ സദ്ഭാവന മേള നടത്താന്‍ ഷഹ്ബാജ്പൂര്‍ സുര നാഗ്‌ല ഗ്രാമത്തലവ മര്‍ഗുബ് ഫാത്വിമ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കി. അപേക്ഷ പരിശോധിച്ച് വരുകയാണെന്ന് പോലിസ് അറിയിച്ചു.
ഗസ്‌നവി സാമ്രാജ്യത്തിലെ സുല്‍ത്താനായിരുന്ന ഗസ്‌നിയിലെ മഹ്മൂദ് എന്ന മഹ്മൂദ് ഗസ്‌നിയുടെ അനന്തരവനും പണ്ഡിത-പോരാളിയെന്ന് അറിയപ്പെട്ടയാളുമായ സയ്യിദ് സലാര്‍ മസൂദ് ഘാസിയെ (ക്രി.ശേ 1014-1034) അനുസ്മരിക്കാന്‍ സംഭലിലെ ചിലപ്രദേശങ്ങളില്‍ നടന്നുന്ന മേളക്കാണ് നേരത്തെ പോലിസ് അനുമതി നിഷേധിച്ചിരുന്നത്.
ഇന്നത്തെ മഹാരാഷ്ട്രയിലെ ജല്‍ഗാവോനിലെ മുസ്‌ലിംകളെ ഭരണാധികാരികള്‍ ദ്രോഹിച്ചതിനെ തുടര്‍ന്ന് അവരുടെ ആവശ്യപ്രകാരം ക്രി.ശേ 1011ല്‍ മഹ്മൂദ് ഗസ്‌നി ജനറലായ സലാര്‍ ഷാഹുവിനെ പ്രദേശത്തേക്ക് അയച്ചു. പ്രദേശത്തെ രാജാക്കന്‍മാരെ സലാര്‍ ഷാഹു പരാജയപ്പെടുത്തി. ഈ വിജയത്തെ തുടര്‍ന്ന് മഹ്മൂദ് ഗസ്‌നി തന്റെ സഹോദരിയെ സലാര്‍ ഷാഹുവിന് വിവാഹം ചെയ്തു നല്‍കി. ഈ ബന്ധത്തിലാണ് 1014 ഫെബ്രുവരി 10ന് സയ്യിദ് സലാര്‍ മസൂദ് ഘാസി ജനിച്ചത്.
അമ്മാവന്റെ കൂടെ യുദ്ധങ്ങളില്‍ പങ്കെടുത്ത സയ്യിദ് സലാര്‍ മസൂദ് ഘാസി കുട്ടിക്കാലത്ത് തന്നെ സൈനികമേഖലയില്‍ കഴിവ് തെളിയിച്ചു. മതപരമായ അറിവിന് പുറമെ സൈനികപരമായ കാര്യങ്ങളിലും അറിവുള്ളതിനാല്‍ പണ്ഡിത-പോരാളിയെന്നാണ് അറിയപ്പെട്ടത്. പതിനാറാം വയസില്‍ തന്നെ സിന്ധു നദി മറികടന്ന് ഡല്‍ഹിക്ക് സമീപം എത്തി. ഡല്‍ഹി കീഴടക്കിയ ശേഷം ആറുമാസം അവിടെ കഴിഞ്ഞു. പിന്നീട് മീറത്തിലെ ജന്മിരാജാക്കന്‍മാരെ പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍, 1034 ജൂണ്‍ 15ന് സുഹല്‍ദേവ് എന്നയാളുടെ സൈന്യവുമായി നടന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടു. സുഹല്‍ദേവിനെ സയ്യിദ് സലാര്‍ മസൂദ് ഘാസിയുടെ കമാന്‍ഡറും കൊലപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചിയിലാണ് സയ്യിദ് സലാര്‍ മസൂദ് ഘാസിയുടെ ദര്‍ഗയുള്ളത്. ഡല്‍ഹി സുല്‍ത്താനായിരുന്ന ഫിറോസ് ഷാ തുഗ്‌ളക്കാണ് (ക്രി.ശേ 1309-1388) ഈ ദര്‍ഗ നിര്‍മിച്ചത്. ഇവിടെ പ്രാര്‍ത്ഥിക്കുന്നവരുടെ ചര്‍മരോഗങ്ങള്‍ മാറുമെന്നാണ് വിശ്വാസം.