ന്യൂസ്‌ക്ലിക്ക് കേസ്: എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തി മാപ്പുസാക്ഷിയാവും

Update: 2024-01-09 14:04 GMT

ന്യൂഡല്‍ഹി: ചൈനീസ് അനുകൂല പ്രചാരണത്തിന് വന്‍ തുക വിദേശ ഫണ്ട് ലഭിച്ചെന്ന് ആരോപിച്ച് യുഎപിഎ പ്രകാരം നടപടിയെടുത്ത ന്യൂസ്‌ക്ലിക്ക് കേസില്‍ ജയിലില്‍ കഴിയുന്ന എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തി മാപ്പുസാക്ഷിയാവും. മാപ്പുസാക്ഷിയാവാന്‍ കോടതിയുടെ അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയില്‍ അമിത് ചക്രവര്‍ത്തിക്ക് അനുമതി നല്‍കി. ഇതോടെ, കേസില്‍ അറസ്റ്റിലായ ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫും സ്ഥാപകനുമായ പ്രബീര്‍ പുര്‍കയസ്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാവും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് അമിത് ചക്രവര്‍ത്തിക്ക് മാപ്പുസാക്ഷിയാവാന്‍ ചൊവ്വാഴ്ച അനുമതി നല്‍കയത്. കേസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തന്റെ കൈവശമുണ്ടെന്നും ഡല്‍ഹി പോലിസിന് കൈമാറാന്‍ തയ്യാറാണെന്നും അമിത് ചക്രവര്‍ത്തി അറിയിച്ചിരുന്നു. കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ ഡല്‍ഹി പോലിസിന് 60 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയതിന് പിന്നാലെയാണ് സംഭവവികാസങ്ങള്‍ ഉണ്ടായത്. ന്യൂസ് ക്ലിക്കിനെതിരേ യുഎപിഎയ്ക്കു പുറമെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബി ഐയും കേസെടുത്ത് പരിശോധന നടത്തിയിരുന്നു. ന്യൂസ് പോര്‍ട്ടലുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ വസതികള്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെ 88 സ്ഥലങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലെ ഏഴ് സ്ഥലങ്ങളിലും കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പോലിസ് നടത്തിയ റെയ്ഡിന് ശേഷമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

    ചൈനീസ് അനുകൂല അജണ്ട പ്രചരിപ്പിക്കാന്‍ ചൈനീസ് സ്ഥാപനങ്ങള്‍ വാര്‍ത്താ പോര്‍ട്ടലിന് ധനസഹായം നല്‍കിയിട്ടുണ്ടെന്നാണ് എഫ്‌ഐആറിലെ ആരോപണം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്റ് സെക്യുലറിസം(പാഡ്‌സ്) എന്ന ഗ്രൂപ്പുമായി പ്രബീര്‍ പൂര്‍കയസ്ഥ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു.

Tags:    

Similar News