യുഎപിഎ കേസ്: ന്യൂസ് ക്ലിക്ക് എഡിറ്ററെ ഒരാഴ്ചത്തേക്ക് പോലിസ് കസ്റ്റഡിയില്‍വിട്ടു
ന്യൂഡല്‍ഹി: ചൈനാ അനുകൂല പ്രചാരണത്തിന് വിദേശസഹായം ലഭിച്ചെന്ന് ആരോപിച്ച് യുഎപിഎ കേസ് ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകായസ്തയേയും എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയേയും ഒരാഴ്ചത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പോലിസിന്റെ പ്രത്യേകസംഘം ഇന്നലെ അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പോലിസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ രാവിലെ ആറോടെയാണ് ഡല്‍ഹി പോലിസിന്റെ പ്രത്യേകസംഘം ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30ഓളം കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. നിരവധി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ന്യൂസ്‌ക്ലിക്ക് ഓഫിസ് പൂട്ടി മുദ്രവയ്ക്കുകയും കംപ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രബിര്‍ പുരകായസ്തയെയും അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരെ കൂടാതെ ഉര്‍മിളേഷ്, ഔനിന്ദ്യോ ചക്രവര്‍ത്തി, അഭിസര്‍ ശര്‍മ, പരഞ്‌ജോയ് ഗുഹ തകുര്‍ത്ത, ചരിത്രകാരന്‍ സൊഹൈല്‍ ഹാശ്മി, സെന്റര്‍ ഫോര്‍ ടെക്‌നോളജി ആന്റ് ഡവലപ്‌മെന്റിലെ ഡി രഘുനന്ദന്‍ എന്നിവരേയും ചോദ്യംചെയ്തിരുന്നു. സ്റ്റാന്റപ്പ് കൊമേഡിയന്‍ സഞ്ജയ് രജൗര, എഴുത്തുകാരി ഗീതാ ഹരിഹരന്‍, മാധ്യമപ്രവര്‍ത്തക ഭാഷാ സിങ് എന്നിവരുടെ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിരുന്നു.
ന്യൂസ്‌ക്ലിക്കിലെ മാധ്യമപ്രവര്‍ത്തകന്‍ സുന്‍മിത് കുമാറിനെ ചോദ്യചെയ്യാന്‍ ഇദ്ദേഹം താമസിച്ചിരുന്ന സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കാനിങ് റോഡിലെ വീട്ടിലും പോലിസ് പരിശോധന നടത്തിയിരുന്നു. യെച്ചൂരിയുടെ ജീവനക്കാരന്‍ ശ്രീനാരായണിന്റെ മകനാണ് സുന്‍മീത് കുമാര്‍.