മാലിദ്വീപില്‍ തീപ്പിടിത്തം; ഒമ്പത് ഇന്ത്യക്കാരുള്‍പ്പെടെ 10 മരണം

Update: 2022-11-10 09:39 GMT

മാലി: മാലിദ്വീപ് തലസ്ഥാനമായ മാലിയിലെ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്പത് ഇന്ത്യക്കാരുള്‍പ്പെടെ 10 പേര്‍ക്ക് ദാരുണാന്ത്യം. വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തില്‍ കത്തിനശിച്ച കെട്ടിടത്തില്‍നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള വാഹന റിപ്പയര്‍ കടയില്‍നിന്നാണ് തീ പടര്‍ന്നത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ നാല് മണിക്കൂറോളം സമയമെടുത്താണ് പുറത്തെത്തിച്ചതെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും മരിച്ചവരില്‍ ഒമ്പത് പേര്‍ ഇന്ത്യക്കാരും ഒരാള്‍ ബംഗ്ലാദേശ് സ്വദേശിയുമാണെന്നും അധികൃതര്‍ അറിയിച്ചു. മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ മരണങ്ങളില്‍ അനുശോചനം രേഖപ്പെടുത്തി. സഹായത്തിനായി എംബസി അധികൃതരെ സമീപിക്കാന്‍ ഫോണ്‍ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് മാലിദ്വീപ് പോലിസ്. മാലിദ്വീപിലെ നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് പലായനം ചെയ്തവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും ക്യാംപ് തുറന്നിട്ടുണ്ട്. ദുരിതാശ്വാസ സഹായവും പിന്തുണയും നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ദ്വീപസമൂഹത്തിന്റെ തലസ്ഥാനം പ്രധാന അവധിക്കാല കേന്ദ്രങ്ങളിലൊന്നാണ്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നുകൂടിയാണിത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ വാഹന അറ്റകുറ്റപ്പണി നടത്തുന്ന ഗാരേജില്‍ നിന്നാണ് തീപ്പിടിത്തമുണ്ടായത്. തകര്‍ന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് 10 മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

Tags:    

Similar News