ബിജെപി നേതൃത്വത്തോടുള്ള അതൃപ്തി;സത്യപ്രതിജ്ഞാ ചടങ്ങില്‍ നിതീഷ് കുമാര്‍ പങ്കെടുക്കില്ല
കഴിഞ്ഞ 10 ദിവസത്തിനിടെ നിതീഷ് കുമാര്‍ ബഹിഷ്‌കരിക്കുന്ന മൂന്നാമത്തെ പരിപാടിയാണ് ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞ
പാട്‌ന: ബിജെപി നേതൃത്വത്തോടുള്ള നീരസം വീണ്ടും പ്രകടിപ്പിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയുക്ത രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിതീഷ് കുമാര്‍ പങ്കെടുക്കില്ല.കഴിഞ്ഞ 10 ദിവസത്തിനിടെ നിതീഷ് കുമാര്‍ ബഹിഷ്‌കരിക്കുന്ന മൂന്നാമത്തെ പരിപാടിയാണ് ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞ.
അടുത്തിടെ കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട പല പരിപാടികളില്‍നിന്നും നിതീഷ് കുമാര്‍ വിട്ടുനിന്നിരുന്നു. ജൂലൈ 17 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു. ദേശീയ പതാകയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് യോഗം വിളിച്ചത്.
വെള്ളിയാഴ്ച, സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിച്ച അത്താഴവിരുന്ന് നിതീഷ് ഒഴിവാക്കിയിരുന്നു.ബീഹാര്‍ നിയമസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രിയാണ് സംസാരിച്ചത്.ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ബിഹാര്‍ നിയമസഭയെ അഭിസംബോധന ചെയ്യുന്നത്.ഇതിലും തര്‍ക്കങ്ങള്‍ ഉണ്ടായി.സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചത്.സമാപന ചടങ്ങില്‍, സംസ്ഥാനത്തിന്റെ അഞ്ച് തവണ മുഖ്യമന്ത്രിയായ നിതീഷിനെക്കുറിച്ച് സിന്‍ഹ പരാമര്‍ശിച്ചില്ല. പ്രസിദ്ധീകരിച്ച സുവനീറില്‍ നിന്ന് ഫോട്ട മാറ്റുകയും ചെയ്തിരുന്നു. സ്പീക്കറെ പുറത്താക്കുക, സംസ്ഥാന ബിജെപി നേതാക്കള്‍ സര്‍ക്കാരിനെതിരെ പരസ്യമായി വിമര്‍ശിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിതീഷ് കുമാര്‍ മുന്നോട്ട് വയ്ക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും നിതീഷിനെ മുഖ്യമന്ത്രിയായി നിലനിര്‍ത്താന്‍ അമിത് ഷാ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ബിജെപി ബിഹാര്‍ ഘടകവും നിതീഷ് കുമാറും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇപ്പോള്‍ ഇരു പാര്‍ട്ടികളും തര്‍ക്കം തുടരുകയാണ്.
കഴിഞ്ഞ മാസമാണ് അഗ്‌നിപഥ് പദ്ധതിയെ കുറിച്ച് സംസ്ഥാന ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ ജെഡിയുവിനെ കുറിച്ച് മോശമായ പരാമര്‍ശം നടത്തിയത്. സായുധ സേനയിലെ ഷോര്‍ട്ട് സര്‍വീസ് റിക്രൂട്ട്‌മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്തതില്‍ അതൃപ്തിയുണ്ടെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.