മണിപ്പൂരിലെ അക്രമം; രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല

Update: 2024-01-10 04:49 GMT

ഇംഫാല്‍: മണിപ്പൂരിലെ അതിര്‍ത്തി പട്ടണമായ മോറെയില്‍ അക്രമം തുടരുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ 'ഭാരത് ജോഡോ ന്യായ് യാത്ര'യ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയില്ല. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ മണിപ്പൂര്‍ പോലിസും സായുധരും തമ്മില്‍ ഈയിടെ വെടിവയ്പുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ റാലിക്ക് അനുമതി നല്‍കുന്നത് സജീവ പരിഗണനയിലാണെന്നും വിവിധ സുരക്ഷാ ഏജന്‍സികളില്‍ നിന്ന് റിപോര്‍ട്ടുകള്‍ തേടിയിട്ടുണ്ടെന്നും ലഭിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു. അസം റൈഫിള്‍സിന്റെയും ബിഎസ്എഫിന്റെയും സംസ്ഥാന പോലിസിന്റെയും സംയുക്ത നീക്കത്തിലൂടെ സായുധരെ കണ്ടെത്താനുള്ള ഊര്‍ജ്ജിത നീക്കം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ സര്‍ക്കാരില്‍ നിന്ന് അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഗുവാഹത്തിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഈയിടെ പറഞ്ഞിരുന്നു.

    തിങ്കളാഴ്ച രാവിലെയും മോറെയിലെ ചില ഭാഗങ്ങളില്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിവയ്പുണ്ടായിരുന്നു. ആക്രമണത്തില്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചതായി ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് ചെയ്‌തെങ്കിലും ഇരുവശത്തും ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച വാര്‍ഡ് 7, മോറെ ബസാര്‍ എന്നിവിടങ്ങളില്‍ വെടിവയ്പും ബോംബാക്രമണവും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ജനുവരി 14ന് ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഹത്ത കാങ്‌ജെയ്ബുംഗില്‍ നിന്നാണ് 'ഭാരത് ജോഡോ ന്യായ് യാത്ര' ആരംഭിക്കുന്നത്. 110 ജില്ലകളും 100 ലോക്‌സഭാ സീറ്റുകളും 337 നിയമസഭാ മണ്ഡലങ്ങളും താണ്ടി 6,713 കിലോമീറ്റര്‍ ബസുകളിലും കാല്‍നടയായും സഞ്ചരിക്കുന്ന 66 ദിവസത്തെ യാത്ര മാര്‍ച്ച് 20ന് മുംബൈയിലാണ് സമാപിക്കുക.

Tags:    

Similar News