കടം വാങ്ങിയ 23 ലക്ഷം തിരികെ ചോദിച്ചു; വേങ്ങരയില്‍ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം
ദമ്പതികളെ ആക്രമിച്ചവര്‍ക്കെതിരെ പോലിസ് കേസെടുത്തു
മലപ്പുറം: കടം കൊടുത്ത പണം തിരികെ ചോദിച്ച കുടുംബത്തിന് ക്രൂരമര്‍ദ്ദനം. വേങ്ങരയില്‍ നടന്ന ആക്രമണത്തില്‍ അസൈന്‍(70), ഭാര്യ പാത്തുമ്മ(62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ മകന്‍ മുഹമ്മദ് ബഷീറിന് വെട്ടുമേറ്റു. വേങ്ങര സ്വദേശി അബ്ദുല്‍ കലാമും മകന്‍ മുഹമ്മദ് സഫറും കുടുംബവുമാണ് ഇവരെ മര്‍ദ്ദിച്ചത്.
ഒന്നര വര്‍ഷം മുമ്പ് മുഹമ്മദ് സഫറിന്, മുഹമ്മദ് ബഷീര്‍ നല്‍കിയ പണം ഇതുവരെയും തിരികെ നല്‍കിയിട്ടില്ല. പല തവണ ആവശ്യപ്പെട്ടെങ്കിലും പണം നല്‍കാന്‍ സഫര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് ബഷീറിന്റെ വാപ്പയും ഉമ്മയും സഹോദരന്റെ ഭാര്യയും കൂടി സഫറിന്റെ വീട്ടിലേക്ക് പോയത്.
പണം നല്‍കണമെന്നാവശ്യപ്പെട്ട് വീടിന് മുമ്പില്‍ ബാനര്‍ പിടിച്ച് പ്രതിഷേധിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ഏകദേശം 23 ലക്ഷം രൂപയാണ് സഫര്‍ നല്‍കാനുള്ളതെന്ന് പറയുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്തു.