'കേരളത്തില്‍ മുസ്‌ലിം രാജ്യം രൂപീകരിച്ചു, പ്രധാനമന്ത്രിയേയും സൈന്യത്തേയും തിരഞ്ഞെടുത്തു'; യൂത്ത് ലീഗ് റാലിയുടെ വീഡിയോ ഉപയോഗിച്ച് മലപ്പുറത്തിനെതിരേ വ്യാജ പ്രചാരണം
'കുഞ്ഞാലിക്കുട്ടി ഐക്യ മലപ്പുറത്തിന്റെ പ്രധാനമന്ത്രി' എന്ന വാചകവും വീഡിയോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
കോഴിക്കോട്: കേരളത്തിലെ ആറു മുസ്‌ലിം ജില്ലകള്‍ കൂട്ടിച്ചേര്‍ത്ത് 'ഐക്യ മലപ്പുറം' എന്ന പേരില്‍ സ്വന്തമായി മുസ്‌ലിം പ്രധാനമന്ത്രിയും മുസ്‌ലിം സൈന്യവുമുള്ള രാജ്യം പ്രഖ്യാപിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ സംഘപരിവാരത്തിന്റെ വ്യാജ പ്രചാരണം. യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡ് റാലിയുടെ വീഡിയോ ഉപയോഗിച്ചാണ് മുസ്‌ലിംകള്‍ക്കെതിരേ ഈ സംഘപരിവാര നുണപ്രചാരണം.
'കുഞ്ഞാലിക്കുട്ടി ഐക്യ മലപ്പുറത്തിന്റെ പ്രധാനമന്ത്രി' എന്ന വാചകവും വീഡിയോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. ട്വിറ്ററിലും നിരവധി സംഘ്പരിവാര നിയന്ത്രിത ഫേസ്ബുക്ക് ഗ്രൂപ്പിലും ഇതു സംബന്ധിച്ച നുണപ്രചാരണം തകൃതിയായി നടക്കുന്നുണ്ട്.
കേരളത്തിലെ ആറ് ജില്ലകളില്‍ നിന്ന് 'ഐക്യ മലപ്പുറം' എന്ന പുതിയ രാജ്യം രൂപീകരിച്ചതായി ഒരു വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആള്‍ട്ട് ന്യൂസ് ഇതു സംബന്ധിച്ച വസ്തുതാന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതു സത്യമായിരുന്നുവെങ്കില്‍ വാര്‍ത്താ ഏജന്‍സികളും മാധ്യമങ്ങളും ഇക്കാര്യം റിപോര്‍ട്ട് ചെയ്യുമായിരുന്നുവെന്നും ആള്‍ട്ട് ന്യൂസ് വ്യക്തമാക്കുന്നു.
2008ലെ യൂത്ത് ലീഗ് റാലിയുടെ വീഡിയോ ഉപയോഗിച്ചാണ് ഈ വ്യാജ പ്രചാരണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബു പറഞ്ഞു.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ (ഐയുഎംഎല്‍) ദേശീയ ജനറല്‍ സെക്രട്ടറിയായ പി കെ കുഞ്ഞാലിക്കുട്ടിയെയാണ് വീഡിയോയില്‍ പ്രധാനമന്ത്രിയായി ചിത്രീകരിച്ചിരിക്കുന്നത്. മുന്‍ ലോക്‌സഭാ അംഗമായ കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ വേങ്ങര നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാ സാമാജികനാണ്. മലപ്പുറം പ്രധാനമന്ത്രിയായി തനിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ ലഭിച്ചെന്ന വാദം തെറ്റാണെന്ന് കുഞ്ഞാലിക്കുട്ടി ആള്‍ട്ട് ന്യൂസിനോട് പറഞ്ഞു.