ഓംപ്രകാശിന്റെ ലഹരി പാര്‍ട്ടി: സന്ദര്‍ശകരുടെ ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു

Update: 2024-10-09 09:58 GMT

കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ ആഡംബര ഹോട്ടലില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനൊരുങ്ങി പോലിസ്. ഇവരുടെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ ശേഖരിച്ചു വരുകയാണ്. ശാസ്ത്രീയ പരിശോധനകളുടെ ഫലം വന്ന ശേഷം താരങ്ങളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഹോട്ടലില്‍ നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനുമെത്തിയതായി പോലിസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കുപുറമേ ഇവിടെയെത്തിയ 18 പേരുടെ വിവരങ്ങളും ശേഖരിച്ചു. മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താന്‍ ഓംപ്രകാശിന്റെയും ഷിഹാസിന്റെയും മുടിയും നഖവും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചാവ്വാഴ്ച രാവിലെയോടെ പോലിസ് സംഘം ഹോട്ടലിലെത്തി സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ ലിഫ്റ്റിലുള്ള ക്യാമറയിലാണ് സന്ദര്‍ശകരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. അതോടൊപ്പം ഹോട്ടല്‍ റിസപ്ഷന്‍, ഇടനാഴികള്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങളും എടുത്തിട്ടുണ്ട്. 20 പേരില്‍ എല്ലാവരെയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

ഞായറാഴ്ചയാണ് മരടിലെ ഹോട്ടലില്‍നിന്ന് ഓംപ്രകാശിനെ (44) യും കൂട്ടാളി ഷിഹാസിനെ (54) യും പോലിസ് പിടികൂടിയത്. ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഷിഹാസിന്റെ മുറിയില്‍നിന്ന് നാല് ലിറ്റര്‍ വിദേശമദ്യവും കൊക്കെയ്ന്‍ സാന്നിധ്യമുള്ള സിപ്പ് ലോക്ക് കവറും കണ്ടെത്തിയിരുന്നു.





Tags:    

Similar News