പോക്‌സോ കേസ്:നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട് കീഴടങ്ങി;സൈജു തങ്കച്ചനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇയാളെ ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

Update: 2022-03-13 05:51 GMT

കൊച്ചി: പോക്‌സോ കേസില്‍ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുടമയും,വ്യവസായിയുമായ റോയി വയലാട്ട് കീഴടങ്ങി. മട്ടാഞ്ചേരിയില്‍ വച്ചാണ് ഇയാള്‍ പോലിസില്‍ കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയായ ഇയാള്‍ക്ക് വേണ്ടി പോലിസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.അതിനിടെയാണ് ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

നേരത്തെ റോയിക്കും സൈജു തങ്കച്ചനും സുപ്രിം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു.സിസിടിവി ദൃശ്യങ്ങളും ഇരയുടെ മൊഴിയും അടക്കം പരിശോധിച്ച ശേഷം ഹൈക്കോടതി തള്ളിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിംകോടതി വിധി.17 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് ഇരയെന്നും, ഗൗരവമേറിയ കേസാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.

സുപ്രിം കോടതി റോയിയുടെ മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി പോലിസ് കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇയാളെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്നത്.ഇയാളെ ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്ത് കോടതിയില്‍ ഹാജരാക്കും. നാളെയായിരിക്കും ഇയാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക.

കഴിഞ്ഞ ദിവസം കേസില്‍ മറ്റൊരു പ്രതിയായ അഞ്ജലി റിമ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പരാതിക്ക് പിന്നില്‍ ബ്ലാക്ക് മെയിലിങ് ആണെന്നായിരുന്നു പ്രതികളുടെ വാദം. കേസ് കെട്ടിച്ചമച്ചതാണെന്നും മോഡലുകളുടെ മരണം ഉണ്ടായപ്പോള്‍ ഉന്നയിച്ച അതേ വാദങ്ങളാണ് ഇപ്പോഴും ഉന്നയിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഇത് ഹൈക്കോടതി അംഗീകരിച്ചില്ല.




Tags:    

Similar News