മ്യാന്മറില്‍ സൈന്യം വംശഹത്യ നടത്താന്‍ സാധ്യത; ആശങ്ക പങ്കുവച്ച് യു.എന്‍
മ്യാന്‍മാറിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലേക്ക് പതിനായിരക്കണക്കിന് സൈനികരും വന്‍യുദ്ധ സാമഗ്രികളും കവചിത വാഹനങ്ങും നീങ്ങുന്നതായി തനിക്ക് വിവരം ലഭിച്ചതായി മ്യാന്‍മറിലെ യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ പറയുന്നു
വാഷിങ്ങ്ടണ്‍: ഫെബ്രുവരിയില്‍ നടന്ന സൈനിക അട്ടിമറിക്ക് ശേഷം അരാജകത്വത്തിലായ മ്യാന്മറില്‍ വന്‍ കൂട്ടക്കുരുതിക്ക് കളമൊരുങ്ങുന്നതായി യുഎന്‍ ആശങ്കയറിയിച്ചു. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് സൈനിക സാനിധ്യം ഏറിവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് യുഎന്നിന്റെ ആശങ്ക പുറത്തുവരുന്നത്. മ്യാന്‍മറില്‍ വലിയ മനുഷ്യാവകാശ ലംഘനങ്ങളും ആക്രമണങ്ങളും ഉണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭ ഭയപ്പെടുന്നതായാണ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചത്.മ്യാന്‍മാറിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലേക്ക് പതിനായിരക്കണക്കിന് സൈനികരും വന്‍യുദ്ധ സാമഗ്രികളും കവചിത വാഹനങ്ങും നീങ്ങുന്നതായി തനിക്ക് വിവരം ലഭിച്ചതായി മ്യാന്‍മറിലെ യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ പറയുന്നു.
മ്യാന്‍മറിനെക്കുറിച്ചുള്ള വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ വെള്ളിയാഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ചുകൊണ്ട് മ്യാന്‍മറിനെക്കുറിച്ചുള്ള യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ടോം ആന്‍ഡ്രൂസാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പറഞ്ഞത്.രാജ്യത്തിന്റെ വടക്കും വടക്കുപടിഞ്ഞാറും മേഖലകളിലേക്ക് പതിനായിരക്കണക്കിന് സൈനികരും വന്‍ പ്രഹര ശേഷിയുള്ള ആയുധങ്ങളും നീങ്ങുന്നതായി തനിക്ക് വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.മ്യാന്മറിലെ സൈനിക സര്‍ക്കാര്‍ മാനവികതയ്ക്കും യുദ്ധനിയമങ്ങള്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'മ്യാന്‍മറിന്റെ ഈ ഭാഗത്തെ ജനങ്ങള്‍ സജ്ജരായിരിക്കുന്നതുപോലെ നാമെല്ലാവരും അത്തരം ക്രൂരതകള്‍ അരങ്ങേറാതിരിക്കുന്നതിനായി സജ്ജരായിരിക്കണം', ആന്‍ഡ്രൂസ് പറഞ്ഞു. ഒരു പ്രാദേശിക നിരീക്ഷണ ഗ്രൂപ്പിന്റെ കണക്കനുസരിച്ച് പ്രതിഷേധക്കാര്‍ക്കെതിരേ രാജ്യത്ത് നടന്ന രക്തരൂക്ഷിതമായ അടിച്ചമര്‍ത്തലില്‍ 1,100ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അട്ടിമറിക്ക് ശേഷം 8,000ത്തിലധികം പേര്‍ അറസ്റ്റിലുമായി.
'ഇത്തരത്തിലുള്ള സൈനിക നീക്കം 2016 ലും 2017 ലും റാഖൈന്‍ സംസ്ഥാനത്ത് റോഹിങ്ക്യകള്‍ക്കെതിരായ വംശഹത്യ നടക്കുന്നതിന് തൊട്ടുമുമ്പ് സൈന്യം നടത്തിയിരുന്നു,' ആന്‍ഡ്രൂസ് തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ല്‍, ഏകദേശം 740,000 റോഹിങ്ക്യന്‍ മുസ്്‌ലിംങ്ങള്‍ മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തുനിന്ന് പലായനം ചെയ്തിരുന്നു. യുഎന്‍ ആശങ്കപ്പെട്ടതുപോലെ മൃഗീയമായ വംശഹത്യയാണ് അന്ന നടന്നത്.മ്യാന്‍മറിന്റെ സൈനിക സര്‍ക്കാറിനെ അംഗീകരിക്കരുതെന്നും പണവും ആയുധങ്ങളും അവര്‍ക്ക് നിഷേധിക്കണമെന്നും ആന്‍ഡ്രൂസ് രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.അട്ടിമറിക്കെതിരെ പ്രതിഷേധിച്ചതിന് തടവിലാക്കപ്പെട്ട 5,000 പേരെ മോചിപ്പിക്കുമെന്ന് മ്യാന്‍മര്‍ സൈനിക മേധാവി സീനിയര്‍ ജനറല്‍ മിന്‍ ഓങ് ഹ്ലെയിംഗ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
ആസിയാന്‍ രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഉച്ചകോടിയില്‍ നിന്ന് മ്യാന്മറിനെ ഒഴിവാക്കുമെന്ന് ഭയപ്പെട്ടാണ് സൈനിക ഭരണകൂടം ഈ നീക്കം നടത്തുന്നതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യത്ത് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് താന്‍ ഭയപ്പെടുന്നതായി മ്യാന്‍മറിലെ യുഎന്‍ പ്രത്യേക ദൂതന്‍ ക്രിസ്റ്റീന്‍ ഷ്രാനര്‍ ബര്‍ഗനര്‍ പറഞ്ഞു.മ്യാന്‍മറിലെ പ്രധാന വിവരങ്ങളുടെ ഉറവിടം ഫേസ്ബുക്കും ട്വിറ്ററുമായി മാറിയിട്ടുണ്ട്. ജനകീയമായ ചെറുത്തു നില്‍പ്പ് രാജ്യത്ത് ശക്തിപ്പെട്ടു വരികയുമാണ്.