'ഇത് ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ട'; ബുള്‍ഡോസര്‍ നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ മുസ് ലിം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത ബിജെപി ഭരണകൂടത്തിന്റെ നടപടിക്കെതിരേ രൂക്ഷ വിമര്‍ശവുമായി രാഹുല്‍ ഗാന്ധി. ന്യൂനപക്ഷങ്ങള്‍ക്കും ദരിദ്രര്‍ക്കും നേരെയുള്ള സ്‌റ്റേറ്റ് സ്‌പോണ്‍സേഡ് വേട്ടയാണിതെന്ന് രാഹുല്‍ വിമര്‍ശിച്ചു.
ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളുടെ ധ്വംസനമാണിത്. ദരിദ്രര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള ഭരണകൂടവേട്ടയാണിത്. സ്വന്തം ഹൃദയങ്ങളിലെ വിദ്വേഷമാണ് ബിജെപി ഇടിച്ചുനിരപ്പാക്കേണ്ടത് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
നേരത്തെ മുസ്‌ലിം ഉടമസ്ഥതയിലുള്ള നിരവധി വീടുകളും കെട്ടിടങ്ങളുമാണ് ജഹാംഹീര്‍പുരിയില്‍ ബിജെപി ഭരിക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പൊളിച്ചുനീക്കിയത്. കെട്ടിടങ്ങള്‍ പൊളിക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തെങ്കിലും അധികൃതര്‍ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. അനധികൃത കെട്ടിടങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ കെട്ടിടങ്ങള്‍ പൊളിച്ച് തുടങ്ങിയത്. എന്നാല്‍, ഉത്തരവ് മാനിക്കാതെയും അധികൃതര്‍ നടപടി തുടര്‍ന്നു. പിന്നാലെ, ബൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരുമെത്തി ബുള്‍ഡോസര്‍ തടയുകയായിരുന്നു.
രാവിലെ കോടതി ചേര്‍ന്നയുടന്‍ അഭിഭാഷകന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. അടിയന്തര ഇടപെടല്‍ വേണമെന്നും കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയതായും അഭിഭാഷകന്‍ അറിയിച്ചു. ഹരജി നല്‍കാന്‍ നിര്‍ദേശിച്ച കോടതി ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. നാളെ കേസില്‍ വിശദവാദം കേള്‍ക്കും.
കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തി ആഘോഷത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ പ്രദേശമാണ് ജഹാംഗീര്‍പുരി. സംഘര്‍ഷമുണ്ടായതിനു പിന്നാലെ ഇവിടെയുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിക്കുകയായിരുന്നു.