രാഹുലിന്റെ പ്രസംഗം ഹിന്ദുമതത്തെ ആക്ഷേപിക്കുന്നതല്ലെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി

Update: 2024-07-08 14:39 GMT

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ലോക്‌സഭയില്‍ നടത്തിയ കന്നിപ്രസംഗത്തില്‍ നടത്തിയ ഹിന്ദു പരാമര്‍ശത്തെ ബിജെപി വിവാദമാക്കുന്നതിനിടെ രാഹുല്‍ഗാന്ധിയെ പിന്തുണച്ച് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഹിന്ദുമതത്തെ ആക്ഷേപിക്കുന്നതല്ലെന്ന് ജ്യോതിര്‍മഠത്തിലെ 46ാമത് ശങ്കരാചാര്യരായ അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മുഴുവനും കേട്ടു. അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്, ഹിന്ദുമതത്തില്‍ അക്രമത്തിന് യാതൊരു സ്ഥാനവുമില്ലെന്ന്. രാഹുലിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നത് ശരിയല്ല. അതിന് ഉത്തരവാദികളെയാണ് ശിക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ബിജെപിയെയും ആര്‍എസ്എസിനെയും ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. നുണയും വിദ്വേഷവും പ്രസംഗിക്കുന്നവരും അഹിംസ നടത്തുന്നവരും ഹിന്ദുക്കളല്ലെന്നും മോദിയും അമിത്ഷായുമല്ല ഹിന്ദുക്കളെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെ, ഹിന്ദുവിരുദ്ധമെന്ന് മുദ്രാകുത്താനായിരുന്നു ബിജെപിയുടെ നീക്കം. ഹിന്ദുസമുദായത്തെ അക്രമാസക്തരാക്കി ചിത്രീകരിച്ചെന്ന് ആരോപിച്ച് നരേന്ദ്രമോദിയും അമിത്ഷായും രംഗത്തെത്തി. രാഹുലിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സ്പീക്കര്‍ ഓം ബിര്‍ള രേഖയില്‍നിന്ന് നീക്കം ചെയ്യുകയും ചെയ്തു. മാത്രമല്ല, ഗുജറാത്തിലെ അഹമ്മദാബാദിലെ കോണ്‍ഗ്രസ് ഓഫിസ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ക്കുകയും രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ വികൃതമാക്കുകയും ചെയ്തിരുന്നു.

Tags:    

Similar News