രണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ ഭീഷണി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് നടത്തിയ പരാമര്‍ശത്തില്‍ സൂറത്ത് ജില്ലാ കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതോടെ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ ഭീഷണി. കോടതി രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയും അപ്പീല്‍ പോവാന്‍ ജാമ്യം അനുവദിക്കുകയും ചെയ്‌തെങ്കിലും രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കോടതി 30 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ടെങ്കിലും ഉത്തരവ് റദ്ദാക്കാതെ മരവിപ്പിക്കുകയാണ് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8(3) പ്രകാരം രാഹുലിനെ അയോഗ്യനാക്കാമെന്നാണ് പറയുന്നത്. ഒരു പാര്‍ലമെന്റ് അംഗം ഏതെങ്കിലും കുറ്റത്തിന് കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യനാക്കാമെന്നാണ് നിയമത്തില്‍ പറയുന്നത്. സൂറത്ത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയാല്‍ വയനാട് ലോക്‌സഭാ സീറ്റില്‍ നിന്നുള്ള എംപി സ്ഥാനം അദ്ദേഹത്തിന് നഷ്ടപ്പെടും. തുടര്‍ന്ന് വയനാട് ലോക്‌സഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം. സൂറത്ത് കോടതിയുടെ വിധി ഏതെങ്കിലും മേല്‍ക്കോടതി റദ്ദാക്കിയാല്‍ മാത്രമാണ് ഇതിന് മാറ്റമുണ്ടാവുക. മാത്രമല്ല, കോടതി ഉത്തരവ് റദ്ദാക്കിയില്ലെങ്കില്‍ അടുത്ത എട്ട് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും രാഹുല്‍ ഗാന്ധിക്ക് കഴിയാതെയാവും. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോല്‍ക്കോടതിയുടെ തീരുമാനം നിര്‍ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയ രാജ്യവ്യാപക പ്രചാരണത്തിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശമുണ്ടായത്. 2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പ്രസംഗിക്കുന്നതിനിടെ, സാമ്പത്തിക തട്ടിപ്പുകേസില്‍ രാജ്യം വിട്ട നീരവ് മോദി, നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ലളിത് മോദി എന്നിവര്‍ക്കൊപ്പം നരേന്ദ്ര മോദിയുടെ പേരും പരാമര്‍ശിച്ചു. 'മോദി' എന്ന കുലനാമം പേരിനൊപ്പമുള്ളവരെല്ലാം കള്ളന്‍മാരാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. രാഹുലിന്റെ പരാമര്‍ശം മോദി സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്നതാണെന്നു കാണിച്ചു സൂറത്ത് വെസ്റ്റില്‍ നിന്നുള്ള ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.