യുപി തിരഞ്ഞെടുപ്പ്: നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്; പ്രശാന്ത് കിഷോറുമായി രാഹുല്‍ ഗാന്ധി കൂടികാഴ്ച നടത്തി
പഞ്ചാബില്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കൂടിയാണ് പ്രശാന്ത് കിഷോര്‍ രാഹുല്‍ കൂടികാഴ്ച എന്നും റിപ്പോര്‍ട്ടുണ്ട്.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്തി. ഡല്‍ഹിയിലെ രാഹുല്‍ ഗാന്ധിയുടെ വസതിയിലായിരുന്നു ചൊവ്വാഴ്ച കൂടിക്കാഴ്ച നടന്നത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും ഈ കൂടികാഴ്ചയില്‍ സന്നിഹിതരായിരുന്നു. അടുത്ത് തന്നെ വരാന്‍ പോകുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് കൂടികാഴ്ച എന്നാണ് രാഷ്ട്രീയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് ഭരണതുടര്‍ച്ചയുണ്ടാക്കി നല്‍കിയ വിജയത്തിലെ പല തന്ത്രങ്ങളും പ്രശാന്ത് കിഷോറാണ് ആവിഷ്‌കരിച്ചത്. തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി നൂറ് സീറ്റ് തികയ്ക്കില്ലെന്ന പ്രശാന്തിന്റെ പ്രസ്താവന ശരിയാകുന്ന വിജയമാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ നേടിയത്.
അതേസമയം, പഞ്ചാബില്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കൂടിയാണ് പ്രശാന്ത് കിഷോര്‍ രാഹുല്‍ കൂടികാഴ്ച എന്നും റിപ്പോര്‍ട്ടുണ്ട്.