മോദിക്ക് വിദ്യാര്‍ഥികള്‍ ദേശവിരുദ്ധര്‍, കര്‍ഷകര്‍ ഖാലിസ്താനികള്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കുകയാണ്.

Update: 2020-12-15 05:30 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരം ശക്തമായി തുടരുമ്പോള്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിന് വിദ്യാര്‍ഥികള്‍ ദേശവിരുദ്ധരും ജനങ്ങള്‍ അര്‍ബന്‍ നക്‌സല്‍സും കുടിയേറ്റ തൊഴിലാളികള്‍ കൊവിഡ് വാഹകരും കര്‍ഷകര്‍ ഖാലിസ്താനികളുമാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കുത്തക മുതലാളിമാരാണ് മോദി സര്‍ക്കാരിന്റെ ഉറ്റ സുഹൃത്തുക്കളെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.


കര്‍ഷക പ്രതിഷേധത്തിനെതിരേ ബിജെപി നേതാക്കളും മന്ത്രിമാരും രംഗത്തെത്തിയിരുന്നു. കര്‍ഷക സമരം ഷഹീന്‍ ബാഗ് സമരത്തിന്റെ മാതൃകയിലാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. പ്രക്ഷോഭത്തിന് പിന്നില്‍ ചൈനയും പാകിസ്താനുമാണെന്ന് കേന്ദ്രമന്ത്രി റാവു സാഹേബ് ആരോപിച്ചിരുന്നു. ഷഹീന്‍ ബാഗിന് സമാനമായി തുക്‌ഡെ തുക്‌ഡെ സംഘങ്ങള്‍ കര്‍ഷക സമരത്തെ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദും പറഞ്ഞിരുന്നു.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കുകയാണ്. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള രണ്ടായിരത്തോളം വനിതകള്‍ ഇന്ന് മുതല്‍ സമരത്തിന്റെ ഭാഗമാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വളര്‍ത്തു മൃഗങ്ങളുമായി ആയിരങ്ങളാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്.

Tags:    

Similar News