അമ്മ ആശുപത്രിയിലാണ്; ചോദ്യം ചെയ്യല്‍ നീട്ടിവയ്ക്കണമെന്ന് ഇഡിയോട് രാഹുല്‍ ഗാന്ധി

Update: 2022-06-16 13:47 GMT

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലെന്ന് രാഹുല്‍ ഗാന്ധി. ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിച്ച് രാഹുല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്ത് നല്‍കി. തുടര്‍ച്ചയായ മൂന്നുദിവസം ചോദ്യം ചെയ്ത ഇഡി വ്യാഴാഴ്ച രാഹുലിന് അവധി നല്‍കിയിരുന്നു. ആശുപത്രിയില്‍ ചികില്‍സയിലുള്ള അമ്മ സോണിയാ ഗാന്ധിക്കൊപ്പം കഴിയണമെന്ന അഭ്യര്‍ഥന മാനിച്ചാണ് ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സോണിയക്കൊപ്പമാണെന്നാണ് റിപോര്‍ട്ട്.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 23ന് ഹാജരാവണമെന്ന് കാണിച്ച് സോണിയാ ഗാന്ധിക്കും ചോദ്യം ചെയ്യലിന് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. ജൂണ്‍ 8ന് ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും സോണിയ കൂടുതല്‍ സമയം തേടുകയായിരുന്നു. അങ്ങനെയാണ് ജൂണ്‍ 23 ന് ഹാജരാവാന്‍ അവര്‍ക്ക് പുതിയ സമന്‍സ് അയച്ചത്. മൂന്നുദിവസമായി 30 മണിക്കൂറിലേറെ സമയമെടുത്താണ് ഇഡി രാഹുലിനെ ചോദ്യം ചെയ്തത്.

കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പാര്‍ട്ടി ട്രഷറര്‍ പവന്‍ ബന്‍സാലിനെയും മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്. അതേസമയം, രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഇതുവരെ മെയിലുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ, വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. ഇഡി നടപടിക്കെതിരേ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കാണും. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പോലിസിന്റെ കൈയേറ്റവും സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തും.

Tags:    

Similar News