സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ ഗ്യാരണ്ടിയെന്ന് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ മാറുമ്പോള്‍ ജനാധിപത്യം അഴിച്ചുപണിതവര്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് ബിജെപി ഓര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല് ഗാന്ധി. ജനാധിപത്യം അഴിച്ചുപണിതവര്‍ക്കെതിരേ ഇനി ആരും ഇതൊക്കെ ചെയ്യാന്‍ ധൈര്യപ്പെടാത്ത വിധത്തിലുള്ള മാതൃകാപരമായ നടപടിയെടുക്കും. ഇത് എന്റെ ഗ്യാരണ്ടിയാണെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. നികുതി കുടിശ്ശികയുടെ പേരുപറഞ്ഞ് കോണ്‍ഗ്രസിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിക്കൊണ്ട് ആദായനികുതി വകുപ്പ് തുടര്‍ച്ചയായി നോട്ടീസ് അയക്കുന്നതിനു പിന്നാലെയാണ് രാഹുലിന്റെ പരാമര്‍ശം. രാഹുല്‍ തന്റെ മുന്‍ വീഡിയോ ടാഗ് ചെയ്യുകയും പോസ്റ്റിനൊപ്പം ബിജെപി ടാക്‌സ് ടെററിസം എന്ന ഹാഷ്ടാഗ് ഉപയോഗിക്കുകയും ചെയ്തു. മുന്‍വര്‍ഷങ്ങളിലെ നികുതി റിട്ടേണിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി 1,800 കോടി രൂപ അടയ്ക്കാന്‍ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് പുതിയ നോട്ടീസ് അയച്ചിട്ടുണ്ട്. ആദായ നികുതി ഉത്തരവിനെതിരേ ഞായറാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.