നീലഗിരി: തമിഴ്‌നാട്ടിലെ നീലഗിരിയില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായി റിപോര്‍ട്ട്. ഹെലികോപ്റ്റര്‍ നീലഗിരിയില്‍ ലാന്‍ഡ് ചെയ്ത ശേഷമാണ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങളുടെ ഭാഗമാണ് പരിശോധനയെന്ന് തിരഞ്ഞെടുപ്പ് സമിതി വൃത്തങ്ങള്‍ പറഞ്ഞു. നേരത്തേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയുടെ ഹെലികോപ്റ്ററിലും പരിശോധന നടത്തിയിരുന്നു. രാഹുല്‍ ഗാന്ധി തന്റെ ലോക്‌സഭാ മണ്ഡലമായ വയനാട്ടിലേക്ക് പോവുന്നതിനിടെയാണ് സംഭവം. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന റോഡ്‌ഷോയും പൊതുയോഗവും ഉള്‍പ്പെടെ രണ്ടാംഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തിയത്.