രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം; കല്‍പ്പറ്റയില്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധ റാലി

Update: 2022-06-25 13:28 GMT

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചതിനെതിരേ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധ റാലി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംപിമാരായ കെ മുരളീധരന്‍, കെ സി വേണുഗോപാല്‍, എം കെ രാഘവന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി എന്‍ പ്രതാപന്‍, രമ്യാ ഹരിദാസ് ഉള്‍പ്പടെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത റാലിയില്‍ ആയിരക്കണക്കിനു പേരാണ് അണിനിരന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ സി വേണുഗോപാലും സംസ്ഥാനത്തുനിന്നുള്ള കോണ്‍ഗ്രസ് എംപിമാരും പ്രധാന നേതാക്കളും പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

കല്‍പ്പറ്റ ജങ്ഷന്‍ പരിസരത്ത് പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സിവില്‍ സ്റ്റേഷന്‍ പരിസരത്തെ എംപി ഓഫിസില്‍ നിന്നും ആരംഭിച്ച റാലി പിണങ്ങോട് വരെ നീണ്ടു. റാലിക്കിടെ പലയിടത്ത് വച്ചും കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഒരുഘട്ടത്തില്‍ പോലിസിനെ കൈയേറ്റം ചെയ്യാനുള്ള ശ്രമവും നടന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം എല്‍എ അടക്കമുള്ള നേതാക്കള്‍ ഉടന്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ അനുനയിപ്പിച്ചു. കോണ്‍ഗ്രസ് റാലിയോട് അനുബന്ധിച്ച് കല്‍പ്പറ്റ നഗരത്തില്‍ കനത്ത സുരക്ഷയാണ് പോലിസ് ഒരുക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സിപിഎം, കോണ്‍ഗ്രസ് ഓഫിസ് പരിസരമുള്‍പ്പെടെ ജില്ലയില്‍ കനത്ത ജാഗ്രത തുടരുകയാണ്. നിരവധി പോലിസുകാരെ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. സിപിഎം ഓഫിസുകള്‍ക്ക് പുറമേ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കും പോലിസ് കാവല്‍ നല്‍കിയിട്ടുണ്ട്.

Tags:    

Similar News