'നിങ്ങളുടെ ഫോണില്‍ ഉള്ളതെല്ലാമാണ് അയാള്‍ വായിച്ചു കൊണ്ടിരിക്കുന്നത്'; ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മോദിക്കെതിരേ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ചോര്‍ത്തിയെന്ന വിവാദത്തിന് പിന്നാലെ മോദിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെഗാസസ് വിവാദം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
'നിങ്ങളുടെ ഫോണില്‍ ഉള്ളതെല്ലാമാണ് അയാള്‍ വായിച്ചു കൊണ്ടിരിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം,' എന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
'അടുത്ത കാലത്തായി നിങ്ങള്‍ വായിക്കാറുള്ളതെന്താണെന്ന് ആലോചിച്ച് ഞാന്‍ അത്ഭുതപ്പെടാറുണ്ട്,' എന്ന് രാഹുല്‍ രണ്ട് ദിവസം മുന്നെ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം.
മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടേയും ചില വ്യവസായികളുടേയും ഫോണുകളും ചോര്‍ത്തിയതായാണ് പുറത്തു വരുന്ന വിവരം.
രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസ്, ദി വയര്‍, ഇന്ത്യാ ടുഡേ, നെറ്റ് വര്‍ക്ക് 18, ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളുടെ ഫോണുകളാണ് ചോര്‍ത്തിയിരിക്കുന്നത്.