ക്രിസ്മസ്, പുതുവല്‍സര യാത്രാ തിരക്ക്; കേരളത്തിലേക്ക് 51 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വെ
തിരുവനന്തപുരം: ക്രിസ്മസ്, പുതുവല്‍സര തിരക്ക് പ്രമാണിച്ച് റെയില്‍വേ കേരളത്തിലേക്ക് 51 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. നാളെ മുതല്‍ ജനുവരി രണ്ട് വരെയാണ് സര്‍വീസ് നടത്തുക. ടിക്കറ്റ് കിട്ടാതെ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേയുടെ അടിയന്തര ഇടപെടല്‍. അവധിക്കാലത്ത് കേരളത്തിലേക്ക് വരാന്‍ ടിക്കറ്റ് ലഭിക്കാതെ വിദ്യാര്‍ഥികളടക്കമാണ് ദുരിതം നേരിടുന്നത്. സംസ്ഥാന എംപിമാര്‍ പാര്‍ലമെന്റിലും വിഷയം ഉന്നയിച്ചിരുന്നു. സീസണായതിനാല്‍ ഉയര്‍ന്ന നിരക്കാണ് യാത്രക്കാരില്‍ നിന്ന് റെയില്‍വേ ഈടാക്കുന്നത്. ഇതില്‍ മാറ്റം വരുത്താനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
51 സ്‌പെഷ്യല്‍ ട്രെയിനില്‍ 17 എണ്ണം ദക്ഷിണ റെയില്‍വേ അധികമായി അനുവദിച്ചതാണ്. ദക്ഷിണ മധ്യ റെയില്‍വേ 22ഉം, ദക്ഷിണ പശ്ചിമ റെയില്‍വേ എട്ടും, ഈസ്റ്റ് കോസ്റ്റ് റെയില്‍വേ നാലും ട്രെയിനുകളാണ് കേരളത്തിലേക്ക് അയക്കുന്നത്. സ്‌പെഷ്യല്‍ ട്രെയിനുകളിലൊന്നായ എറണാകുളം- ചെന്നൈ (06046) എറണാകുളത്ത് നിന്നും വ്യാഴം രാത്രി 11.30 ന് പുറപ്പെടും. ചെന്നൈ- എറണാകുളം (06045) 23 ന് പുലര്‍ച്ചെ 3.10 ന് ചെന്നൈയില്‍ നിന്നും പുറപ്പെടും. താംബരം- നാഗര്‍കോവില്‍ സൂപ്പര്‍ഫാസ്റ്റ് (06041) 23 ന് രാത്രി 7.30 ന് താംബരത്തു നിന്നും പുറപ്പെടും. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകള്‍.