റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യക്കാരെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന എല്ലാ ഇന്ത്യക്കാരെയും സര്‍വീസില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍. ഇതുവരെ പത്തു ഇന്ത്യക്കാര്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ഒരാളാണ് അവസാനമായി കൊല്ലപ്പെട്ടിരിക്കുന്നത്. റഷ്യന്‍ സൈന്യത്തിന്റെ അടുക്കളകളിലും മറ്റും ജോലിയെടുക്കുന്ന എല്ലാവരെയും തിരികെ വിടണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
കൊല്ലപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരികെ അയക്കാനും റഷ്യയോട് ആവശ്യപ്പെട്ടതായി രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന 85 ഇന്ത്യക്കാരെ കഴിഞ്ഞ ഒക്ടോബറില്‍ റഷ്യ സര്‍വീസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇനി 20 പേര്‍ കൂടി അവിടെയുണ്ടെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്കെല്ലാം റഷ്യന്‍ സൈന്യവുമായി കരാറുണ്ട്. ഇന്ത്യക്കാരെ റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ സഹായിച്ചവര്‍ക്കെതിരേ സിബിഐ കേസെടുത്തിട്ടുണ്ട്. 19 പേരും സ്ഥാപനങ്ങളുമാണ് ഇതില്‍ പ്രതികള്‍.