രാഹുല്‍ രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്
രാഹുല്‍ രാജിവാഗ്ദാനം നടത്തിയെന്നും എന്നാല്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ഇത് തള്ളിയെന്നും നിരവധി റിപോര്‍ട്ടുകള്‍ വന്നിരുന്നു.
ന്യൂഡല്‍ഹി: ഇന്നത്തെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുല്‍ ഗാന്ധി രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചതായുള്ള വാര്‍ത്ത കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല തള്ളി. രാഹുല്‍ രാജിവാഗ്ദാനം നടത്തിയെന്നും എന്നാല്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ഇത് തള്ളിയെന്നും നിരവധി റിപോര്‍ട്ടുകള്‍ വന്നിരുന്നു.
കഴിഞ്ഞ ദിവസം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രാഹുല്‍ രാജിവയ്ക്കുമെന്ന വാര്‍ത്ത തള്ളിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ വിശ്രമമില്ലാത്ത പരിശ്രമം കൊണ്ടും പോരാട്ട വീര്യം കൊണ്ടുമാണ് എന്‍ഡിഎക്കെതിരേ ശക്തമായ മല്‍സരം കാഴ്ച്ചവയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതെന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് ഇന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം ചേരുന്നത്. രാഹുലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഉത്തര്‍പ്രദേശ് ഇന്‍ചാര്‍ജ് പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേ സമയം, കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് യോഗത്തിനെത്തിയില്ലെന്നാണ് അറിയുന്നത്.