നിയന്ത്രണങ്ങളില്‍ ഇളവ്; ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാം
റിയാദ്: ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുമതി. അഞ്ചുദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനാണ് സൗദിയില്‍ ഇതിനായി പൂര്‍ത്തിയാക്കേണ്ടത്. ഇന്ത്യയെക്കൂടാതെ പാകിസ്താന്‍, ഇന്തോനേസ്യ, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇളവുണ്ട്.
യാത്രക്കാരെ നേരിട്ട് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചതായി സൗദി ഗസറ്റാണ് റിപോര്‍ട്ട് ചെയ്തത്. ഇതുവരെ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ഇന്ത്യയല്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരുന്നു പ്രവേശനാനുമതി നല്‍കിയിരുന്നത്. മാത്രമല്ല, ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ സ്വീകരിച്ച് സൗദിയിലെത്തി പിന്നീട് നാട്ടിലേക്ക് വന്നാല്‍ മടങ്ങിപ്പോവുന്നതിനും ഈ ക്വാറന്റൈന്‍ ആവശ്യമായിരുന്നു. ഇന്ത്യയില്‍നിന്നുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് പുതിയ തീരുമാനം.