ഒഐസിയെ പിളര്‍ത്തുമെന്ന ഭീഷണി; പാകിസ്താനുള്ള എണ്ണയും വായ്പയും നിര്‍ത്തലാക്കി സൗദി
അതേസമയം, സൗദിയുടെ കോപം ശമിപ്പിക്കാന്‍ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ അഹമ്മദ് ബജ്‌വ അടുത്തയാഴ്ച സൗദി സന്ദര്‍ശിക്കുമെന്ന് പാക് ദിനപത്രം ന്യൂസ് റിപോര്‍ട്ട് ചെയ്തു.
റിയാദ്: റിയാദിന് ആധിപത്യമുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്‍ (ഒഐസി) കശ്മീര്‍ വിഷയത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ലെന്ന ഇസ്‌ലാമാബാദിന്റെ വിമര്‍ശനങ്ങള്‍ക്കുപിന്നാലെ പാകിസ്താനുള്ള വായ്പയും അനുബന്ധ എണ്ണ വിതരണവും അവസാനിപ്പിച്ച് സൗദി അറേബ്യ. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് യോഗം വിളിക്കുന്നതില്‍ സംഘം പരാജയപ്പെട്ടാല്‍ ഒഐസിയെ പിളര്‍ത്തുമെന്ന് പാക് വിദേശകാര്യമന്ത്രി കഴിഞ്ഞ ആഴ്ച ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സൗദിയുടെ പുതിയ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കടുത്ത വിള്ളല്‍ വീഴ്ത്തുന്നതാണ്.
കശ്മീര്‍ വിഷയത്തില്‍ പിന്തുണ അറിയിക്കാന്‍ അടിയന്തിര യോഗംവിളിച്ചു ചേര്‍ക്കാന്‍ കഴിഞ്ഞ ആഴ്ച പാകിസ്താന്‍ ഒഐസിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഒഐസി സഹായകരമായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒഐസിയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന ഇസ്‌ലാമബാദിന്റെ ആവശ്യം റിയാദ് നിരസിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി തുടങ്ങിയിരുന്നു.
ഒഐസി വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലാത്ത പക്ഷം കശ്മീര്‍ വിഷയത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിര്‍ബന്ധിതനാകുമെന്നും കഴിഞ്ഞയാഴ്ച ഒരു പാക് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഭീഷണി മുഴക്കിയിരുന്നു.
ഇതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ഒരു ബില്യണ്‍ ഡോളറിന്റെ വായ്പ തിരിച്ചടക്കാന്‍ സൗദി കഴിഞ്ഞയാഴ്ച പാകിസ്താനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
2018 നവംബറില്‍ സൗദി അറേബ്യ പ്രഖ്യാപിച്ച 6.2 ബില്യണ്‍ ഡോളര്‍ പാക്കേജിന്റെ ഭാഗമായിരുന്നു വായ്പ. ഇതില്‍ തന്നെ മൂന്ന് ബില്യണ്‍ ഡോളര്‍ വായ്പയും 3.2 ബില്യണ്‍ ഡോളറിന്റെ എണ്ണയുമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ ആയിരുന്നു ഈ കരാറുകളില്‍ ഒപ്പുവെച്ചത്.
സാമ്പത്തിക, വാണിജ്യ, സൈനിക മേഖലകളില്‍ ശക്തമായ ഉഭയകക്ഷി ബന്ധമാണ് സൗദിക്കും പാകിസ്താനുമുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടുഴലുന്ന പാകിസ്താന് സഹായ ഹസ്തം നീട്ടി മുന്നോട്ട് വന്നത് സൗദി അറേബ്യയായിരുന്നു.
അതേസമയം, സൗദിയുടെ കോപം ശമിപ്പിക്കാന്‍ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ അഹമ്മദ് ബജ്‌വ അടുത്തയാഴ്ച സൗദി സന്ദര്‍ശിക്കുമെന്ന് പാക് ദിനപത്രം ന്യൂസ് റിപോര്‍ട്ട് ചെയ്തു.