ഉംറ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി സൗദി; 58 ഗേറ്റുകള്‍ തുറന്നിടും
മക്കയിലെ മസ്ജിദില്‍ ഹറാമിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി 58 കവാടങ്ങളും തുറന്നതായി ഇരു ഹറമുകളുടെയും കാര്യങ്ങള്‍ക്കായുള്ള ജനറല്‍ പ്രസിഡന്‍സി അറിയിച്ചു.
മക്ക: ഉംറ തീര്‍ത്ഥാടകര്‍ക്കും മക്കയിലെ ഹറം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നവര്‍ക്കും കൂടുതല്‍ സൗകര്യങ്ങളൊരുക്കി സൗദി ഹജ്ജ് ഉംറ കാര്യ മന്ത്രാലയം. മക്കയിലെ മസ്ജിദില്‍ ഹറാമിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി 58 കവാടങ്ങളും തുറന്നതായി ഇരു ഹറമുകളുടെയും കാര്യങ്ങള്‍ക്കായുള്ള ജനറല്‍ പ്രസിഡന്‍സി അറിയിച്ചു. തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങളൊരുക്കാനുള്ള സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
ഇതിനു പുറമേ മറ്റു നിരവധി പുതിയ സൗകര്യങ്ങളും സേവനങ്ങളും തീര്‍ഥാടകര്‍ക്കായി ഒരുക്കുമെന്നും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ മുസ്‌ലിഹ് അല്‍ ജാബിരി അറിയിച്ചു. ഹറം പള്ളിക്കകത്ത് സാനിറ്റൈസേഷന്‍ അടക്കമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ത്രീകളും പുരുഷന്മാരുമടങ്ങിയ 4,000 ത്തിലധികം ശുചീകരണ തൊഴിലാളികളെയും പുതുതായി നിയമിക്കും.
വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതവും സമാധാന പൂര്‍ണവുമായ സാഹചര്യം സൃഷ്ടിക്കുക കൂടി ലക്ഷ്യമിട്ടാണ് പുതിയ സേവനങ്ങള്‍ സജ്ജമാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കൃത്യമായ ഇടവേളകളിലെ ശുചീകരണം, അണുനശീകരണം എന്നിവയ്ക്ക് പുറമേ, ഗതാഗത സേവനങ്ങള്‍, കൂടുതല്‍ ശൗച്യാലയ സൗകര്യങ്ങള്‍, കവാടങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയും മന്ത്രാലയത്തിന്റെ പുതിയ പദ്ധതിയില്‍ ഉള്‍പ്പെടും.
സെന്‍സര്‍ സൗകര്യമുള്ള അഞ്ഞൂറിലധികം ഓട്ടോമേറ്റഡ് ഹാന്‍ഡ് സാനിറ്റൈസറുകള്‍, 20 ബയോകെയര്‍ ഉപകരണങ്ങള്‍, അണുനശീകരണത്തിനായി 11 സ്മാര്‍ട്ട് റോബോട്ടുകള്‍, കൈകള്‍ അണുവിമുക്തമാക്കാനുള്ള 500 ലധികം പമ്പുകള്‍ എന്നിവയ്ക്ക് പുറമേ, എല്ലാ പ്രതലങ്ങളും അണുവിമുക്തമാക്കാന്‍ 28,000 ലിറ്റര്‍ സാനിറ്റൈസര്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.