യുഎപിഎയുടെ നിയമസാധുത ചോദ്യംചെയ്തുള്ള ബീയുമ്മയുടെ ഹരജിയിൽ കേന്ദ്രസർക്കാരിന് നോട്ടിസ്
ബിയ്യുമ്മയ്‌ക്കൊപ്പം സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും ഹരജി സമര്‍പ്പിച്ചിരുന്നു. അതേസമയം, ഹരജി ഒക്ടോബര്‍ 18ന് വീണ്ടു പരിഗണിക്കും.
ന്യൂഡൽഹി: യുഎപിഎയുടെ നിയമസാധുത ചോദ്യം ചെയ്ത് യുഎപിഎ തടവുകാരനായ സകരിയയുടെ ഉമ്മ ബീയുമ്മ സുപ്രിംകോടതിയിൽ നൽകിയ ഹരജിയിൽ കോടതി കേന്ദ്രസർക്കാരിന് നോട്ടിസ് അയച്ചു. ബംഗളൂരു സ്ഫോടന കേസിൽ പ്രതിയെന്നാരോപിച്ച് യുഎപിഎ ചുമത്തി കഴിഞ്ഞ 13 വർഷമായി കർണാടക സർക്കാർ തടവിലിട്ടിരിക്കുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയയുടെ മാതാവിന്റെ ഹരജിയിലാണ് കേന്ദ്ര സർക്കാരിന് സുപ്രിംകോടതി നോട്ടിസ്.
ഹരജിയിൽ ചീഫ് ജസ്റ്റിസ് യു യു ലളിതാണ് കേന്ദ്രത്തിന് നോട്ടിസ് അയച്ചത്. ഇന്ന് സുപ്രിംകോടതി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ തന്നെ ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ മുന്നിലാണ് ഹരജിയെത്തിയത്. വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാമെന്ന ഭേദഗതിയും 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നത് മാറ്റി 150 ദിവസമാക്കി വര്‍ധിപ്പിച്ചതും അടക്കമുള്ള വ്യവസ്ഥകളും ചോദ്യം ചെയ്താണ് ഹരജി സമര്‍പ്പിച്ചത്.
ബിയ്യുമ്മയ്‌ക്കൊപ്പം സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും ഹരജി സമര്‍പ്പിച്ചിരുന്നു. അതേസമയം, ഹരജി ഒക്ടോബര്‍ 18ന് വീണ്ടു പരിഗണിക്കും. ബംഗളൂരു സ്ഫോടന കേസിൽ സക്കരിയ അന്യായമായി ജയിലിലടയ്ക്കപ്പെട്ട് 13 വർഷങ്ങൾ പിന്നിട്ടിട്ടും നീതിയുക്തമായ വിചാരണ പോലും ലഭിച്ചിട്ടില്ല.
2009 ഫെബ്രുവരി അഞ്ചിനാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് 19കാരനായ സക്കരിയയെ പോലിസ് പിടിച്ചുകൊണ്ടുപോവുന്നത്. ജോലിയില്‍ പ്രവേശിച്ച് നാലാം മാസമായിരുന്നു ഇത്. ബംഗളൂരു സ്ഫോടനത്തിനായി ടൈമർ ഉണ്ടാക്കാൻ സഹായിച്ചുവെന്നായിരുന്നു സക്കരിയക്കെതിരായ ആരോപണം.
ബംഗളൂരു സ്ഫോടന കേസിലെ എട്ടാം 'പ്രതിയായി' ഭീകര നിയമമായ യുഎപിഎ പ്രകാരമാണ് സകരിയയെ അറസ്റ്റ് ചെയ്തത്. ആദ്യം മുതല്‍ തന്നെ തീര്‍ത്തും ദുരൂഹമായ നടപടികളായിരുന്നു സകരിയയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പോലിസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ഒരു അറസ്റ്റ് നടക്കുമ്പോൾ പാലിക്കേണ്ട പ്രാഥമിക നടപടികള്‍ പോലും ഗൗനിക്കാതെയായിരുന്നു സകരിയയുടെ അറസ്റ്റ്.