ഫെഡറല്‍ മുന്നണി രൂപീകരണം: സ്റ്റാലിനുമായി കൂടിക്കാഴ്ചയ്ക്കു ശ്രമം തുടര്‍ന്ന് കെസിആര്‍

നേരത്തെ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോള്‍ പ്രചാരണ തിരക്കുകള്‍ ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ നിരസിച്ചിരുന്നു.

Update: 2019-05-13 00:49 GMT

ചെന്നൈ: കോണ്‍ഗ്രസ് ഇതര, ബിജെപി ഇതര മുന്നണി എന്ന ആശയം വീണ്ടും ശക്തമാക്കി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ഇതിന്റെ ഭാഗമായി ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ചയ്ക്ക് കെസിആര്‍ വീണ്ടും അവസരം തേടി. നേരത്തെ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോള്‍ പ്രചാരണ തിരക്കുകള്‍ ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ നിരസിച്ചിരുന്നു. ടിആര്‍എസുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കുമില്ലെന്ന് ഡിഎംകെ ആവര്‍ത്തിക്കുമ്പോഴും പിന്നോട്ട് പോകാന്‍ ഒരുക്കമല്ലെന്ന് സൂചിപ്പിക്കുന്നതാണ് കെസിആറിന്റെ ഇപ്പോഴത്തെ നടപടി.

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു സ്റ്റാലിനുമായി കെസിആര്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കുകളുണ്ടെന്നും ഇപ്പോള്‍ കൂടിക്കാഴ്ച സാധ്യമല്ലെന്നുമായിരുന്നു സ്റ്റാലിന്റെ മറുപടി. ഇപ്പോള്‍ കൂടിക്കാഴ്ചയ്ക്ക് അവസരം തേടി ചന്ദ്രശേഖര്‍ റാവു വീണ്ടും സ്റ്റാലിനെ ബന്ധപ്പെട്ടിരിക്കുകയാണ്. ക്ഷേത്ര ദര്‍ശന ഭാഗമായി തമിഴ്‌നാട്ടില്‍ എത്തുന്നുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് താല്‍പ്പര്യം ഉണ്ടെന്നുമാണ് അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സഖ്യത്തിലുള്ള ഡിഎംകെ ഇതുവരെ ചര്‍ച്ചയ്ക്ക് അനുകൂല നിലപാട് അറിയിച്ചിട്ടില്ല.

ബിജെപി കേവല ഭൂരിപക്ഷത്തിന് അടുത്ത് എത്തിയാല്‍ അവസരം മുതലാക്കി വിലപേശല്‍ രാഷ്ട്രീയം നടപ്പാക്കാനുള്ള കെസിആറിന്റെ ആയുധമാണ് ഫെഡറല്‍ മുന്നണി നീക്കമെന്നും ഡിഎംകെ സംശയിക്കുന്നുണ്ട്. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസാമിയുമായും കെസിആര്‍ ഫെഡറല്‍ മുന്നണി നീക്കം ചര്‍ച്ച ചെയ്തിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി അദ്ദേഹം കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. 

Tags:    

Similar News