'നാളെ എന്ത് സംഭവിച്ചാലും കടകള്‍ തുറക്കും'; കോഴിക്കോട് ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ച പരാജയം
കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന വ്യാപാരികളുമായി കോഴിക്കോട് കലക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തങ്ങള്‍ നേരത്തെ തീരുമാനിച്ച എല്ലാ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാളെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി സംഘടന പ്രതിനിധികള്‍ ചര്‍ച്ചയ്ക്കു ശേഷം പ്രതികരിച്ചു. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ സര്‍ക്കാര്‍ ഏതെങ്കിലും രീതിയിലുള്ള ചര്‍ച്ചയ്ക്കും ഇളവിനും തയാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അവര്‍ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയെ കൂടാതെ ഇടതു അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും പ്രതിഷേധത്തില്‍ പങ്കെടുക്കും.
അതേസമയം, വ്യാപാരികള്‍ നടത്തുന്ന പ്രതിഷേധത്തിന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. പ്രതിപക്ഷം ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ടയാളുകള്‍ പ്രതിഷേധത്തിന് പിന്തുണയുമായി എത്തി. സിപിഎം അനുകൂല വ്യാപാര സംഘടനയായ വ്യാപാരി വ്യവസായ സമിതിയും സര്‍ക്കാറിനെതിരെ രംഗത്തു വന്നു. ഇത് സര്‍ക്കാറിനെ തീര്‍ത്തും പ്രതിരോധത്തിലാക്കി. വ്യാപാരി പ്രതിഷേധത്തോട് വെല്ലുവിളിയുടെ രൂപത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയായി. പ്രതിപക്ഷം അതേ നാണയത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്. വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ തയ്യാറായാല്‍ സര്‍വ പിന്തുണയം നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വ്യാപാരികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി എസ്ഡിപിഐയും അറിയിച്ചു.