ഇസ്രായേലുമായുള്ള ബന്ധം അറബ് ജനതയില്‍ ബഹുഭൂരിപക്ഷവും എതിര്‍ക്കുന്നതായി പഠന റിപോര്‍ട്ട്

അറബ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് പൊളിസി സെന്റര്‍ (എസിആര്‍പിഎസ്) പുറത്തുവിട്ട 2019-2020 അറബ് അഭിപ്രായ സൂചിക (എഐഒ) യിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Update: 2020-10-10 11:38 GMT

ദുബയ്: സയണിസ്റ്റ് രാജ്യമായ ഇസ്രായേലുമായി തങ്ങളുടെ രാജ്യം നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനെ അറബ് ജനതയിലെ ബഹുഭൂരിപക്ഷവും എതിര്‍ക്കുന്നതായി പഠന റിപോര്‍ട്ട്. അറബ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് പൊളിസി സെന്റര്‍ (എസിആര്‍പിഎസ്) പുറത്തുവിട്ട 2019-2020 അറബ് അഭിപ്രായ സൂചിക (എഐഒ) യിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആഫ്രിക്ക, പശ്ചിമേഷ്യ, ഗള്‍ഫ് എന്നിവിടങ്ങളിലെ 13 അറബ് രാജ്യങ്ങളിലായി നടത്തിയ പഠനത്തില്‍ 88 ശതമാനം പേരും തങ്ങളുടെ രാജ്യം ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനെ തുറന്നെതിര്‍ക്കുന്നതായി പഠനം വ്യക്തമാക്കുന്നു. കേവലം ആറു ശതമാനം പേര്‍ മാത്രമാണ് ഇക്കാര്യത്തില്‍ തങ്ങളുടെ രാജ്യങ്ങളെ പിന്തുണച്ചത്. ആറു ശതമാനം പേര്‍ അഭിപ്രായം വെളിപ്പെടുത്തിയില്ലെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.

വിവിധ അറബ് രാജ്യങ്ങളിലുടനീളം എസിആര്‍പിഎസ് നടത്തുന്ന ഒരു പൊതുജനാഭിപ്രായ സര്‍വേയാണ് എഒഐ. അള്‍ജീരിയ, ലബനാന്‍, ജോര്‍ദാന്‍, തുണീസ്യ, മൗറിത്താനിയ, ഫലസ്തീന്‍, ഇറാഖ്, ഖത്തര്‍, കുവൈത്ത്, മൊറോക്കെ, ഈജിപ്ത്, സുദാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് എസിആര്‍പിഎസ് സര്‍വേ നടത്തിയത്.

അള്‍ജീരിയയില്‍ 99 ശതമാനം പേരും ലബ്‌നാനില്‍ 94 ശതമാനം പേരും ഇസ്രായേലുമായുള്ള ബന്ധത്തെ എതിര്‍ക്കുന്നു. ജോര്‍ദാനില്‍ ആറു ശതമാനം അനുകൂലിച്ചപ്പോള്‍ 93 ശതമാനവും എതിര്‍ത്താണ് അഭിപ്രായം രേഖപ്പെടുത്തിയത്. തുണീസ്യയില്‍ 93 ശതമാനവും എതിര്‍ത്തപ്പോള്‍ കേവലം മൂന്നു ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചത്. മൗറിത്താനിയ മൂന്നു ശതമാനം മാത്രം അനുകൂലിച്ചപ്പോള്‍ 93 ശതമാനം എതിര്‍ത്തു. ഫലസ്തീന്‍ ഏഴു ശതമാനം അനുകൂലിച്ചപ്പോള്‍ 91 ശതമാനം എതിര്‍ത്തു. ഇറാഖില്‍ ഏഴു ശതമാനം അനുകൂലിച്ചപ്പോള്‍ 90 ശതമാനം പേരാണ് എതിര്‍ത്തത്.ഖത്തറില്‍ മൂന്നു ശതമാനം പിന്തുണച്ചപ്പോള്‍ 88 ശതമാനം എതിര്‍ത്തു. കുവൈത്തില്‍ പത്തുശതമാനം അനുകൂലിച്ചപ്പോള്‍ 88 ശതമാനം എതിര്‍ത്തു.മൊറോക്കോ നാലു ശതമാനം മാത്രമാണ് അനുകൂലിച്ചത്. 88 ശതമാനം എതിര്‍ത്തു. ഈജിപ്ത് 13 ശതമാനം അനുകൂലിച്ചപ്പോള്‍ 85 ശതമാനം പേരും എതിര്‍ത്തു. സുദാനില്‍ 13 ശതമാനം പിന്തുണച്ചപ്പോള്‍ 79 ശതമാനം എതിര്‍ത്തു. സൗദി അറേബ്യയില്‍ ആറു ശതമാനം പേര്‍ പിന്തുണച്ചും 65 ശതമാനം പേരും എതിര്‍ത്തും അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ 29 ശതമാനം അഭിപ്രായം രേഖപ്പെടുത്താന്‍ തയ്യാറായില്ല.

8,20,000 കിലോമീറ്റര്‍ യാത്ര ആവശ്യമുള്ള പ്രദേശങ്ങളിലെ 900 ല്‍ അധികം ഗവേഷകരാണ് സര്‍വേയില്‍ പങ്കെടുത്തത്.

Tags:    

Similar News