നഞ്ചിയമ്മയുടെ ഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു
ഭൂമിക്കുമേൽ അവകാശവാദം ഉന്നയിച്ച ജോസഫ് കുര്യന് ഈ ഭൂമിയിൽ പെട്രോൾ പമ്പ് നടത്തുന്നതിന് അനുകൂലമായി മണ്ണാർക്കാട് തഹസിൽദാർ, പാലക്കാട് ജില്ല പോലിസ് മേധാവി, റീജ്യനൽ ഓഫിസർ, പാലക്കാട് ഫയർ ആൻഡ് റസ്ക്യൂ സർവിസസ്, അഗളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ റിപോർട്ട് നൽകിയെന്ന കാര്യം മറച്ചുവച്ചാണ് നിയമസഭയിൽ മറുപടി നൽകിയത്.
കോഴിക്കോട്: മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയുടെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് റവന്യൂ മന്ത്രി കെ രാജൻ നൽകിയ മറുപടി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ. 2021 നവംമ്പർ ഒന്നിന് ഐ സി ബാലകൃഷ്ണൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് റവന്യൂ മന്ത്രി നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ചട്ടലംഘനം നടന്നിരിക്കുന്നത്.
നഞ്ചിയമ്മയുടെ കുടുംബഭൂമി സംബന്ധിച്ച് ഭൂമിയുടെ അവകാശികളായ ആദിവാസികൾ സമർപ്പിച്ച അപ്പീൽ ഹരജിയിന്മേൽ കോടതിയിൽ നടപടി തുടരുന്നുണ്ട്. എന്നാൽ ഭൂമിക്കുമേൽ അവകാശവാദം ഉന്നയിച്ച ജോസഫ് കുര്യന് ഈ ഭൂമിയിൽ പെട്രോൾ പമ്പ് നടത്തുന്നതിന് അനുകൂലമായി മണ്ണാർക്കാട് തഹസിൽദാർ, പാലക്കാട് ജില്ല പോലിസ് മേധാവി, റീജ്യനൽ ഓഫിസർ, പാലക്കാട് ഫയർ ആൻഡ് റസ്ക്യൂ സർവിസസ്, അഗളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ റിപോർട്ട് നൽകിയെന്ന കാര്യം മറച്ചുവച്ചാണ് നിയമസഭയിൽ മറുപടി നൽകിയത്.
സബ് കലക്ടറുടെ ഉത്തരവ് ലഭിച്ച് 12ാം ദിവസമാണ് മണ്ണാർക്കാട് തഹസിൽദാർ (2020 മാർച്ച് 12ന്) പെട്രോൾ പമ്പ് തുടങ്ങുന്നതിന് അനുകൂലമായി റിപോർട്ട് നൽകിയത്. ഒറ്റപ്പാലം സബ് കലക്ടർ, ജോസഫിന് അനുകൂലമായി ഉത്തരവ് നൽകിയതിന്റെ പകർപ്പ് സഹിതം റിപോർട്ട് നൽകിയെന്നാണ് രേഖ. അഗളി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനപ്രകാരം സെക്രട്ടറി 2021 ഒക്ടോബർ ഒന്നിന് റിപോർട്ട് നൽകിയപ്പോൾ ടിഎൽഎ കേസിൽ അപ്പീലുള്ള സ്ഥലമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം സർക്കാർ നിർദേശം അനുസരിച്ചുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അനുമതി നൽകിയില്ല.
ഇതുമായി ബന്ധപ്പെട്ട് ജോസഫ് ഹൈക്കോടതിയിൽ നിന്ന് 2021 ആഗസ്ത് അഞ്ചിന് ഉത്തരവ് സമ്പാദിച്ചു. തുടർന്ന് 2021 ഒക്ടോബർ ഏഴിന് കത്ത് നൽകി. 2021 നവംമ്പർ 10ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 2026 നവംബർ ഒമ്പത് വരെയുള്ള അനുമതി പത്രം അനുവദിച്ചു. ഇത്രയും അനുമതി പത്രങ്ങളുടെ, റിപോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പാലക്കാട് അഡീഷനൽ ജില്ല മജിസ്ട്രേറ്റിൽ നിന്ന് ജോസഫ് 2022 ജൂലൈ ഏഴിന് ഉത്തരവ് നേടിയത്.