മുന്നണിയിൽ രണ്ടാമൻ സിപിഐ; കേരള കോൺഗ്രസ് എം ബന്ധം കൊണ്ട് ഇടതുമുന്നണിക്ക് ദോഷമുണ്ടായില്ല: വി ബി ബിനു
സംസ്ഥാന നേതൃത്വം ആരെയും സെക്രട്ടറിയായി തീരുമാനിച്ചിട്ടില്ല. സംസ്ഥാന എക്സിക്യൂട്ടിവിന് നിർദേശിക്കാനേ കഴിയൂ. പാർട്ടിയുടെ ഭരണഘടന പ്രകാരം ജില്ല കമ്മിറ്റിക്കാണ് സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ അവകാശം.
കോട്ടയം: ജില്ലയിൽ ഇടതുമുന്നണിയിലെ രണ്ടാമൻ സിപിഐ തന്നെയെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സിപിഐ ജില്ല സെക്രട്ടറി അഡ്വ. വി ബി ബിനു. കോട്ടയം പ്രസ് ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തനത്തിലും അംഗബലത്തിലും രണ്ടാംസ്ഥാനവും രാഷ്ട്രീയരംഗത്ത് മൂന്നാംസ്ഥാനവും സിപിഐക്കുണ്ട്. കേരള കോൺഗ്രസിന് അൽപമെങ്കിലും പ്രവർത്തകരുള്ള ജില്ല എന്ന നിലക്ക് കൂടുതൽ പരിഗണന നൽകേണ്ടിവരും. അവർക്ക് വേറെ ജില്ല നൽകാനില്ല. അത് പാർട്ടിക്ക് നല്ല ബോധ്യമുണ്ട്. ആ ബോധ്യത്തോടെയാണ് വിട്ടുവീഴ്ച ചെയ്തതെന്നും വി ബി ബിനു പറഞ്ഞു.
കേരള കോൺഗ്രസ് എം ബന്ധം കൊണ്ട് മുന്നണിക്ക് ദോഷമുണ്ടായില്ല. ഗുണമേ ഉണ്ടായിട്ടുള്ളൂ. ദോഷം സംഭവിച്ചതായി സമ്മേളനം വിലയിരുത്തിയില്ല. കേരള കോൺഗ്രസ് എമ്മുമായി ഇടഞ്ഞുപോവേണ്ട സാഹചര്യം ഇന്നില്ല. മുന്നണിക്കകത്ത് നേരത്തേ ഇത്തരത്തിൽ പല ചർച്ചകളും ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതിനുള്ള സാഹചര്യമല്ല.
ചില വിട്ടുവീഴ്ചകൾ സിപിഐ ചെയ്തിട്ടുണ്ട് എന്നതു ശരിയാണ്. സിപിഐക്ക് ഒരു സീറ്റിൽ കൂടി മത്സരിക്കാൻ അർഹതയുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസിൻറെ സിറ്റിങ് സീറ്റായിരുന്നതിനാൽ വിട്ടുകൊടുക്കേണ്ടിവന്നു. മറ്റൊരു സീറ്റ് കിട്ടണമെന്ന തങ്ങളുടെ ആവശ്യം ന്യായമായിരുന്നു. എന്നാൽ, മുന്നണി ബന്ധത്തിനാണ് പ്രാധാന്യം നൽകിയത്. ചില നഷ്ടങ്ങൾ സംഭവിച്ചാലേ പൊതുരാഷ്ട്രീയത്തിൽ നാടിനുവേണ്ടി കൂട്ടായി മുന്നോട്ടുപോവാനാവൂ.
തൻറെ സെക്രട്ടറി സ്ഥാനം സംസ്ഥാന നേതൃത്വത്തിനെതിരായ വിജയമായി കണക്കാക്കേണ്ടതില്ല. സംസ്ഥാന നേതൃത്വം ആരെയും സെക്രട്ടറിയായി തീരുമാനിച്ചിട്ടില്ല. സംസ്ഥാന എക്സിക്യൂട്ടിവിന് നിർദേശിക്കാനേ കഴിയൂ. പാർട്ടിയുടെ ഭരണഘടന പ്രകാരം ജില്ല കമ്മിറ്റിക്കാണ് സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ അവകാശം. 300 പ്രതിനിധികൾ ചേർന്ന് 51 അംഗ ജില്ല കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജില്ല കമ്മിറ്റിയാണ് സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്. ജില്ല കമ്മിറ്റിയിൽ സ്വാഭാവികമായും പല പേരുകളും വരാം. കമ്മിറ്റിയിലെ ഭൂരിപക്ഷം അനുസരിച്ചാണ് ആരു സെക്രട്ടറിയാവണമെന്നു തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.