'മദ്യപാനികള്‍ ഇന്ത്യക്കാരല്ല, മഹാപാപികള്‍'; മദ്യദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും നിതീഷ് കുമാര്‍
മഹാത്മാഗാന്ധി പോലും മദ്യപാനത്തെ എതിര്‍ത്തിരുന്നുവെന്നും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ മഹാപാപിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്‌ന: ബിഹാറില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മദ്യദുരന്തങ്ങളില്‍ കടുത്ത വിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യപാനികള്‍ ഇന്ത്യന്‍ പൗരന്‍മാരല്ലെന്നും അവര്‍ മഹാപാപികളാണെന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു. വിഷമദ്യം കുടിച്ച് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാത്മാഗാന്ധി പോലും മദ്യപാനത്തെ എതിര്‍ത്തിരുന്നുവെന്നും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ മഹാപാപിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഭാഗത്തില്‍പെടുന്നവരെ ഇന്ത്യക്കാരായി താന്‍ കണക്കാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്യപാനം ദോഷമാണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ആളുകള്‍ ഇത് കുടിക്കുന്നത്. അതിനാല്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന അനന്തരഫലങ്ങള്‍ക്ക് സ്വയം ഉത്തരവാദികള്‍ ആണെന്നും സംസ്ഥാന സര്‍ക്കാര്‍ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മദ്യനിരോധനം സംബന്ധിക്കുന്ന ബില്ലിന്റെ ഭേദഗതി കഴിഞ്ഞ ദിവസം ബിഹാര്‍ അസംബ്ലിയില്‍ പാസാക്കിയിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് മദ്യനിരോധനം ഫലപ്രദമായി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
'താന്‍ അവരെ മഹാപാപി എന്ന് വിളിക്കും. മഹാത്മാഗാന്ധിയെ അനുഗമിക്കാത്തവര്‍ ഹിന്ദുസ്ഥാനികള്‍ പോലുമല്ലെന്ന് താന്‍ പറയും. അവര്‍ കഴിവില്ലാത്ത ആളുകളാണ്. ' മദ്യപിക്കുന്നവര്‍ക്ക് നിയമപരമായി ഇളവ് ലഭിക്കില്ലെന്നും' മദ്യപാനികളില്‍ നിന്നുള്ള കേസുകള്‍ ഒഴിവാക്കി അവരെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) എംഎല്‍സി സുനില്‍ സിംഗിന്റെ ആവശ്യത്തോട് പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ബീഹാര്‍ പ്രൊഹിബിഷന്‍ ആന്‍ഡ് എക്‌സൈസ്(ഭേദഗതി) ബില്ലിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചാല്‍ ആദ്യ തവണ കുറ്റം ചെയ്യുന്നവര്‍ക്ക് പിഴ ചുമത്തിയ ശേഷം ഡ്യൂട്ടി മജിസ്‌ട്രേറ്റില്‍ നിന്ന് ജാമ്യം ലഭിക്കും. വ്യക്തി പിഴ അടക്കാത്ത പക്ഷം ഒരു മാസത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടതായി വരും.
2021 നവംബറില്‍ ബിഹാറില്‍ രണ്ടിടങ്ങളില്‍ ഉണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ പത്തു പേര്‍ മരിച്ചിരുന്നു. വെസ്റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ജ് എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്. വെസ്റ്റ് ചമ്പാരനില്‍ ആറുപേരും ഗോപാല്‍ ഗഞ്ജില്‍ നാലുപേരുമാണ് ഇന്ന് മരിച്ചത്. മദ്യം കഴിച്ചവര്‍ക്ക് തലവേദന, ഛര്‍ദ്ദി, കാഴ്ചനഷ്ടമാകുന്ന പ്രശ്‌നങ്ങള്‍ എന്നീ ലക്ഷണങ്ങളാണ് കാണിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
അതേ വര്‍ഷം ജൂലായ് മാസത്തില്‍ വെസ്റ്റ് ചമ്പാരനില്‍ ദുരന്തമുണ്ടായിരുന്നു. അന്ന് 16 പേരാണ് മരണമടഞ്ഞത്. മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമായ ബിഹാറില്‍ വ്യാജമദ്യം സുലഭമാണെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.