ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളത്തിനിടയില്‍ പ്രതിഷേധിച്ചതിന് മൂന്ന് എംപിമാരെ കൂടി സസ്‌പെന്റ് ചെയ്തു. ആം ആദ്മി പാര്‍ട്ടി എംപിമാരായ സുശില്‍ കുമാര്‍ ഗുപ്ത, സന്ദീപ് കുമാര്‍ പഥക്, സ്വതന്ത്ര എംപി അജിത് കുമാര്‍ ഭൂയാന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഈ ആഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. ഇതോടെ ഇത്തവണ രാജ്യസഭയില്‍നിന്നു സസ്‌പെന്റ് ചെയ്ത എംപിമാരുടെ എണ്ണം 23 ആയി. നാല് ലോക്‌സഭാ എംപിമാരെയും കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. നിത്യോപയോഗ വസ്തുക്കള്‍ക്ക് ജിഎസ്ടി ചുമത്തിയതിനും വിലക്കയറ്റത്തിനുമെതിരേ പ്രതിഷേധിച്ചതിനാണ് കേരളത്തില്‍നിന്നുള്ള മൂന്ന് എംപിമാര്‍ ഉള്‍പ്പെടെ 20 പേരെ രാജ്യസഭയില്‍നിന്നും സസ്‌പെന്റ് ചെയ്തത്.
महंगाई और GST वृद्धि जैसे महत्वपूर्ण मुद्दों पर सदन में बहस से भाग रही मोदी सरकार के खिलाफ कांग्रेस सांसदों का प्रदर्शन। pic.twitter.com/WKcHOfs7dl
— Congress (@INCIndia) July 28, 2022
വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളില്‍ പ്രതിഷേധിച്ച ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരെ തിങ്കളാഴ്ചയാണ് ലോക്‌സഭയില്‍നിന്ന് ഈ സമ്മേളന കാലത്തേക്കുതന്നെ സസ്‌പെന്റ് ചെയ്തത്. സിപിഎം എംപിമാരായ വി ശിവദാസന്‍, എ എ റഹിം, സിപിഐ എംപി പി സന്തോഷ് കുമാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ സുഷ്മിത ദേബ്, മൗസം നൂര്‍, ശാന്ത ഛേത്രി, ഡോല സെന്‍, ശാന്തനു സെന്‍, അഭിര്‍ രഞ്ജന്‍ ബിശ്വര്‍, എം ഡി നദീമുള്‍ ഹഖ്, ടിആര്‍എസ് എംപിമാരായ ബി ലിങ്കയ്യ യാദവ്, രവീന്ദ്ര വഡ്ഡിരാജു, ദാമോദര്‍ റാവു ദിവകൊണ്ട, ഡിഎംകെ എംപിമാരായ എം ഹമാമദ് അബ്ദുല്ല, എസ് കല്യാണ സുന്ദരം, ആര്‍ ഗിരിരാജന്‍, എന്‍ ആര്‍ ഇളങ്കോ, എം.ഷണ്‍മുഖന്‍, കനിമൊഴി എഎപി എംപി സഞ്ജയ് സിങ് എന്നിവരാണ് സസ്‌പെന്‍ഷന് വിധേയരായത്.
സസ്‌പെന്റ് ചെയ്യപ്പെട്ട 20 രാജ്യസഭാ എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം 50 മണിക്കൂര്‍ നീണ്ട റിലേ പ്രതിഷേധത്തിലാണ്. ജൂലൈ 18ന് സമ്മേളനം ആരംഭിച്ചത് മുതല്‍ വിലക്കയറ്റം, അവശ്യവസ്തുക്കളുടെ ജിഎസ്ടി, പാചകവാതക വിലവര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധങ്ങള്‍ക്കും സസ്‌പെന്‍ഷനുകള്‍ക്കുമെതിരേ പാര്‍ലമെന്റ് നടപടികള്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെതിരേ സോഷ്യല്‍ മീഡിയയില്‍ അടക്കം ആഞ്ഞടിക്കുകയാണ്. കേന്ദ്രം ചര്‍ച്ചകളെ ഭയപ്പെടുകയാണെന്നും 'സ്വേച്ഛാധിപത്യ' നടപടികളാണ് സ്വീകരിക്കുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. അംഗങ്ങള്‍ മാപ്പ് പറയുകയും ഇനി സഭയിലേക്ക് പ്ലക്കാര്‍ഡുകള്‍ കൊണ്ടുവരില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്താല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്നാണ് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചത്.