തൃശൂര്‍ പൂരം അലങ്കോലമാക്കിയെന്ന് എഫ്‌ഐആര്‍; പ്രതിഷേധിച്ച് ദേവസ്വങ്ങള്‍

പരാതിയുടെ ഉറവിടം ഉന്നത ഉദ്യോഗസ്ഥരുടെ കത്തുകളാണെന്നും എഫ്‌ഐആറിലുണ്ട്.

Update: 2024-10-28 04:58 GMT

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയെന്ന് പോലിസ് എഫ്‌ഐആര്‍. ഒരു മതവിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തി കലാപമുണ്ടാക്കാന്‍ ഗൂഡാലോചന നടന്നെന്നാണ് പ്രത്യേക അന്വേഷണ സംഘം റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പറയുന്നത്. ഗൂഡാലോചന അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥനായ മലപ്പുറം സൈബര്‍ പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഐ സി ചിത്തിരഞ്ജനാണ് പരാതിക്കാരന്‍. കേസില്‍ ആരെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടില്ല.

പരാതിയുടെ ഉറവിടം ഉന്നത ഉദ്യോഗസ്ഥരുടെ കത്തുകളാണെന്നും എഫ്‌ഐആറിലുണ്ട്. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ വിവാദങ്ങള്‍ക്കിടെയാണ് ഒടുവില്‍ പൊലീസ് കേസെടുത്തത്. ഈ മാസം മൂന്നിനാണ് പൂരം കലക്കലില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. ഒമ്പത് ദിവസം കഴിഞ്ഞ് പ്രത്യേക സംഘം രൂപീകരിച്ചു. പക്ഷെ പ്രത്യേക സംഘത്തെ കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല. തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോര്‍ട്ടാണ് എഡിജിപി എം ആര്‍ അജിത് കുമാര്‍ നല്‍കിയത്. എന്നാല്‍ എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് ഡിജിപി നല്‍കിയത്.

അതേസമയം, കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ രംഗത്തെത്തി. പൂരം അലങ്കോലമായതിന് പിന്നില്‍ ഗൂഢാലോചനയല്ലെന്നും ഉദ്യോഗസ്ഥ പിഴവാണുണ്ടായതെന്നും തിരുവമ്പാടി ദേവസ്വം പ്രതികരിച്ചപ്പോള്‍ എഫ്‌ഐആര്‍ ഇട്ട് ഉപദ്രവിച്ചാല്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം.

Tags:    

Similar News