തൃശൂര്‍: അന്തര്‍ദേശീയ മനുഷ്യാവകാശ ദിനത്തില്‍ യുഎപിഎ തടവുകാര്‍ ജയിലില്‍ നിരാഹാരം അനുഷ്ടിക്കുന്നു. മാവോവാദി കേസില്‍ തടവില്‍ കഴിയുന്ന രൂപേഷ് ഉള്‍പ്പെടെയുള്ളവാണ് വിയ്യൂര്‍ ജയിലില്‍ നിരാഹാരം അനുഷ്ഠിക്കുന്നത്. യുഎപിഎ തടവുകാരായ സാവിത്രി, ബി ജി കൃഷ്ണമൂര്‍ത്തി, രൂപേഷ്, രാജന്‍ ചിറ്റിലപ്പിള്ളി, ടി കെ രാജീവന്‍, എം ഉസ്മാന്‍, വിജിത്ത് വിജയന്‍, ഡോ. ദിനേശ്, ദീപക്, രമേശ് എന്നിവരാണ് നിരാഹാരം കിടക്കുന്നത്. രൂപേഷ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും ബാക്കിയുള്ളവര്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലുമാണ് സമരത്തിലുള്ളത്.
യുഎപിഎ റദ്ദാക്കുക, വിചാരണ കൃത്യമായി നടത്തുക, തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക (പുസ്തകം, പത്രം, പോലുള്ള അടിസ്ഥാന ആവിശ്യങ്ങള്‍), 10 വര്‍ഷമായി തടവില്‍ കഴിയുന്ന മുഴുവന്‍ പേര്‍ക്കും ജാമ്യം അനുവദിക്കുക, 14 വര്‍ഷമായി ജയിലില്‍ കഴിയുന്ന എല്ലാവരെയും നിരുപാധികം വിട്ടയക്കുക, രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്‍ ജയില്‍ മാനുവലില്‍ ഉള്‍പെടുത്തുക, അറസ്റ്റ് ചെയ്യപ്പെട്ട് കോടതിയില്‍ ഹാജരാക്കുന്നവരെ മുഖം മറച്ചുകൊണ്ടുപോവുന്ന നയം അവസാനിപ്പിക്കുക, കുറ്റപത്രം കൊടുത്ത് രണ്ടുവര്‍ഷമായിട്ടും വിചാരണ ആരംഭിക്കാത്ത കേസുകളില്‍ എല്ലാ പ്രതികള്‍ക്കും ജാമ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാര സമരം.