കേരളത്തിലും ഡല്‍ഹി പോലിസിന്റെ യുഎപിഎ റെയ്ഡ്; നേതാവിന്റെ വീട്ടിലെത്തിയിട്ടും മിണ്ടാതെ ഡിവൈഎഫ്‌ഐ

Update: 2023-10-07 06:35 GMT

കോഴിക്കോട്: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്കിനെതിരേ ഡല്‍ഹി പോലിസ് ചുമത്തിയ യുഎപിഎ കേസിന്റെ ഭാഗമായി കേരളത്തിലും റെയ്ഡ് നടന്നിട്ടും മിണ്ടാതെ ഡിവൈഎഫ്‌ഐയും എസ്എഫ് ഐയും. ഡിവൈഎഫ്‌ഐ ഡല്‍ഹി സംസ്ഥാന ഖജാഞ്ചിയും മലയാളിയുമായ അനുഷാ പോളിന്റെ പത്തനംതിട്ടയിലെ വീട്ടിലാണ് ഇന്നലെ ഡല്‍ഹി പോലിസെത്തി റെയ്ഡ് നടത്തുകയും ഫോണും ലാപ്‌ടോപ്പും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തതും. എന്നാല്‍, റെയ്ഡില്‍ പ്രതിഷേധിക്കാനോ തെരുവിലിറങ്ങാനോ ഡിവൈഎഫ്‌ഐ കേരളാ ഘടകം തയ്യാറാവാത്തത് ഏറെ ചര്‍ച്ചയാവുന്നുണ്ട്. ഡല്‍ഹി പോലിസം സംഘം നേതാവിന്റെ വീട്ടിലെത്തി റെയ്ഡ് നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും സംസ്ഥാന നേതൃത്വം മൗനം പാലിക്കുന്നതില്‍ അണികളിലും അമര്‍ഷം പുകയുകയാണ്. വെള്ളിയാഴ്ച വൈകീട്ട് 3.15 മുതല്‍ നാലുവരെയാണ് പത്തനംതിട്ട കൊടുമണ്‍ ഐക്കാട് നവീന ഉഷസില്‍ അനുഷാ പോളിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ സംഘം എടുത്തുകൊണ്ടുപോയിട്ടുണ്ട്. അനുഷാപോള്‍ നേരത്തേ ന്യൂസ് ക്ലിക്കില്‍ ജോലി ചെയ്തിരുന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റെയ്ഡ് എന്നാണ് പോലിസ് ഭാഷ്യം. 2018 മുതല്‍ 2021 വരെയാണ് അനുഷ ന്യൂസ് ക്ലിക്കില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്തത്. പിന്നീട് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനമാണ് നടത്തുന്നത്. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന അനുഷ അര്‍ബുദ ബാധിതയായ മാതാവിന്റെ ചികില്‍സാര്‍ഥമാണ് ഒരു മാസം മുമ്പ് നാട്ടിലെത്തിയത്.

എത്രയും വേഗം ഡല്‍ഹിയിലെത്തി ഹാജരാവുന്നതാണ് നല്ലതെന്ന് ഭീഷണി സ്വരത്തിലാണ് ഡല്‍ഹി പോലിസ് നിര്‍ദേശിച്ചതെന്ന് ന്യൂസ് ക്ലിക്ക് മുന്‍ മാധ്യമപ്രവര്‍ത്തക അനുഷാ പോള്‍ റെയ്ഡിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമായും സിപിഎം ബന്ധമാണ് അന്വേഷിച്ചതെന്നും അവര്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ സിപിഎം നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചും ന്യൂസ് ക്ലിക്കില്‍ ജോലി ചെയ്ത സമയത്തെ വാര്‍ത്തകളെക്കുറിച്ചും അന്വേഷിച്ചു. അതേസമയം, എന്തിനാണ് കേസെടുത്തതെന്ന് പോലിസ് സംഘം വ്യക്തമാക്കിയില്ല. പന്ത്രണ്ടോളം കുറ്റാരോപണം ചുമത്തി, പോലിസ് തയ്യാറാക്കിയ സ്‌റ്റേറ്റ്‌മെന്റില്‍ നിര്‍ബന്ധിച്ച് ഒപ്പിടീക്കുകയും ചെയ്തതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ഇങ്ങനെയൊരു അതിക്രമം ഡല്‍ഹി പോലിസില്‍ നിന്ന് ഉണ്ടായിട്ടും ഡിവൈഎഫ്‌ഐ നേതൃത്വം മൗനം പാലിക്കുന്നതില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. വിഷയത്തില്‍ ഒരു പ്രസ്താവന പോലും പുറത്തിറക്കാന്‍ ഡിവൈഎഫ്‌ഐക്ക് കഴിഞ്ഞിട്ടില്ല. ഡല്‍ഹി പോലിസിന്റെ യുഎപിഎ ചുമത്തലിനെതിരേ പ്രതികരിച്ചാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ നിര്‍ബാധം യുഎപിഎ ചുമത്തുന്നത് ചര്‍ച്ചയാവുമെന്ന പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും മൗനം നടിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.


Tags:    

Similar News